വിശ്വാസം പ്രോജ്വലിച്ചു; ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു
1423640
Monday, May 20, 2024 1:11 AM IST
ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസം പ്രൗഢോജ്വലമാക്കുന്നതായിരുന്നു ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി പതിനായിരങ്ങള്‍ അണിനിരന്ന നഗരം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം.
ദിവ്യകാരുണ്യ ഈശോയ്ക്കു സ്തുതി ആരാധനകള്‍ അര്‍പ്പിക്കാനും ദൈവാനുഭവങ്ങള്‍ പങ്കുവയ്ക്കാനും വിശ്വാസം പ്രഘോഷിക്കാനുമായി പതിനായിരങ്ങളാണ് ഇന്നലെ ഇരിങ്ങാലക്കുടയില്‍ എത്തിച്ചേര്‍ന്നത്.
രാവിലെ മുതല്‍ വിശ്വാസികളുടെ പ്രവാഹമായിരുന്നു ഇരിങ്ങാലക്കുടയിലേക്ക്. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലുകളിലും സെമിനാര്‍ നടന്ന ഏഴു കേന്ദ്രങ്ങളിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം ചന്തക്കുന്ന് വഴി ചന്ദ്രിക ജംഗ്ഷനിലെത്തി ദൈവപരിപാലന ഭവനത്തിനു മുന്നിലൂടെ മെയിന്‍ റോഡു വഴി ഠാണാ ജംഗ്ഷനിലെത്തി കത്തീഡ്രല്‍ പള്ളിയില്‍ സമാപിച്ചു. ജപമാലയുമേന്തി ദിവ്യകാരുണ്യനാഥനെ സ്തുതിച്ചുകൊണ്ടായിരുന്നു വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ അണിനിരന്നത്.
രൂപതയിലെ 141 ഇടവകകളെ സൂചിപ്പിച്ചുകൊണ്ട്, 141 പൊന്‍കുരിശുകളും പട്ടുകുടകളും പേപ്പല്‍ പതാകകള്‍ക്കു പിന്നില്‍ ഓപ്പയും മോറിസും ധരിച്ച ദര്‍ശന സഭാംഗങ്ങളും ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ കുഞ്ഞുങ്ങള്‍ അവരുടെ ആദ്യകുര്‍ബാന സ്വീകരണ വേഷത്തിലും അണിനിരന്നു. കോണ്ഗ്രിഗേഷന് അടിസ്ഥാനത്തില്‍ സിസ്റ്റേഴ്സ്, തൊട്ടുപിറകില്‍ ധൂപക്കുറ്റിയും ചെറുമണികളുമായി അള്‍ത്താര സംഘക്കാരും ഇവര്‍ക്കു പിറകില്‍ വെള്ള ഉടുപ്പ് ധരിച്ച് തലയില്‍ കിരീടം ചൂടി കയ്യില്‍ സ്റ്റാര്‍ വടിയും പിടിച്ച് കുഞ്ഞുമാലാഖമാരും നിരന്നു.
തുടര്‍ന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൈകളിലേന്തി ദിവ്യകാരുണ്യം വഹിച്ച വാഹനം. പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേര്‍ന്നതോടെ ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു.
നാമെല്ലാം സ്വര്‍ഗത്തില്‍ ദൈവത്തെ മുഖാഭിമുഖം കാണേണ്ടവരാണ്. സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്നവരുമാണ്. സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന നമുക്ക് കൂട്ടായ്മ ഉറപ്പുവരുത്തുന്ന വലിയ സംഭവമാണ് യേശുക്രിസ്തുവിന്റെ തിരുശരീരങ്ങളടങ്ങുന്ന ദിവ്യകാരുണ്യം.
ഒന്നായി ഒരു ഹൃദയമായി ദിവ്യകാരുണ്യത്തിലേക്ക് എന്നുള്ളത് ഒരു യാത്രയാണ്. ഈ യാത്രയെ തടസപ്പെടുത്തുന്ന കാര്യങ്ങളെ ഓരോന്നോരോന്നായി പിഴുതെറിയാന്‍ ദിവ്യകാരുണ്യത്തിലുള്ള കൂട്ടായ്മ നമ്മെ ആന്തരികമായും സ്വയം പ്രേരിതമായും നിര്‍ബന്ധിക്കുകയാണ്. ജീവന് തുടിക്കുന്ന കൂട്ടായ്മയില്‍ നിലനില്‍ക്കുന്ന ഒരു ശരീരമാകണം നാം.
മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍
(പാലക്കാട് രൂപത മെത്രാൻ
ദിവ്യകാരുണ്യത്തെക്കുറിച്ച് പഠിക്കേണ്ടതു പുസ്തകങ്ങളില്‍ നിന്നല്ല, മറിച്ച് ദേവാലയത്തിനുള്ളില്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ഥിച്ചാണു മനസിലാക്കേണ്ടതാണ്. ദിവ്യരഹസ്യങ്ങളെല്ലാം ധ്യാനിക്കാനും പ്രാര്‍ഥിക്കാനുമാണ് നമ്മള് ശ്രമിക്കേണ്ടത്.
ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്ന കാലഘട്ടത്തില്‍ വിശ്വാസം പ്രഘോഷിക്കുന്നവരായി നാം തീരണം. എന്റെ ജീവിതത്തില്‍ ദൈവം തന്നതല്ലാതെ മറ്റൊന്നുമില്ല. എന്റെ അമ്മ എന്നും ദേവാലയത്തില്‍ പോകുമായിരുന്നു. അമ്മയോടൊപ്പം എന്നും ഞാനും ദേവാലയത്തില്‍ പോകും. ഇത് ചെറുപ്പത്തിലേ തുടങ്ങിയ ശീലമാണ്.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ആദ്യകുര്‍ബാന സ്വീകരിക്കാന്‍ എനിക്ക് അവസരമുണ്ടായി. അതോടെ അള്‍ത്താരബാലനായി. അന്നുമുതല്‍ അള്‍ത്താരയോട് വലിയ സ്നേഹം തുടങ്ങി. ചെറുപ്പത്തില്‍ തന്നെ വൈദികനാകണമെന്ന മോഹമുണ്ടായി.
സെമിനാരിയില്‍ ചെന്നപ്പോഴാണ് വൈദികന് മാത്രമല്ല, വിശുദ്ധനാകണമെന്ന ചിന്തയും ഉണ്ടായത്. പരിശുദ്ധ അമ്മയോട് ചേര്‍ന്നുനിന്നുകൊണ്ടാണ് ഞാന്‍ ദിവ്യകാരുണ്യനാഥനെ കണ്ടെത്തിയത്. അതിനു പ്രേരകമായത് എന്റെ അമ്മയുടെ പരിശീലനം തന്നെയാണ്.
ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ (കോട്ടപ്പുറ രൂപത ബിഷപ് )
മനുഷ്യന്റെ യുക്തിക്കതീതമാണ് ദിവ്യകാരുണ്യ രഹസ്യം. ഭൂകമ്പങ്ങളുണ്ടായപ്പോഴും പകര്ച്ചവ്യാധികളുണ്ടായപ്പോഴും സഭയുടെ ചരിത്രത്തില്‍ വിശ്വാസസമൂഹം ഒരുമിച്ച് ആശ്രയിച്ചതു ദിവ്യകാരുണ്യനാഥനന്റെ അടുക്കലാണ്.
ഈ ലോകത്ത് നമ്മള് നിസഹായരായിതീരുന്ന ഏതു നിമിഷത്തെയും തരണം ചെയ്യുവാന്‍ ദിവ്യകാരുണ്യം ശക്തി നല്കുന്നു. സ്വയം മുറിയാനും മുറിക്കപ്പെടുവാനും പങ്കുവയ്ക്കാനും ദിവ്യകാരുണ്യ ഈശോ നമ്മെ എല്ലാവരെയും ക്ഷണിക്കുകയാണ്.
ഏത് പരാജയത്തെയും വിജയമാക്കി മാറ്റുവാന്‍ കഴിവുള്ളവനാണ് ക്രിസ്തുനാഥന്. എല്ലാം തീര്‍ന്നുവെന്ന് കരുതി നിരാശപ്പെടരുത്. നമ്മുടെ ജീവിതത്തിലെ തിന്മയുടെ വഴികളില്‍ നാം വ്യതിചലിച്ചുപോയ മാര്‍ഗങ്ങളില്‍ നമ്മെ വീണ്ടെടുക്കാന്‍ ശക്തിയുള്ളവനാണ് ദിവ്യകാരുണ്യനാഥന്.
മാര്‍ ടോണി നീലങ്കാവില്‍
(അതിരൂപത സഹായ മെത്രാൻ)