അജ്ഞാതജീവിയുടെ ആക്രമണത്തിൽ അഞ്ച് ആടുകൾ ചത്തു
1423209
Saturday, May 18, 2024 1:39 AM IST
വേലൂർ: വേലൂരിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ അഞ്ച് ആടുകൾ ചത്തു. രണ്ട് ആടുകൾക്കു പരിക്കേറ്റു.
ഇന്നലെ പുലർച്ചെ വേലൂർ വെങ്ങശേരി സുഭദ്ര വാസിലെ ശങ്കരനാരായണൻനമ്പ്യാരുടെ വീട്ടിൽ സുരക്ഷിതമായി പണിത ആട്ടിൻകൂട്ടിൽ കയറിയാണ് ആക്രമണസ്വഭാവമുള്ള ഒരു ജീവിയോ ജീവികളുടെ കൂട്ടമോ ആടുകളെ ആക്രമിച്ചിരിക്കുന്നത്. നല്ല അടച്ചുറപ്പുള്ള ആട്ടിൻകൂടിന്റെ അഴികൾ നീക്കിയാണ് ജീവികൾ അകത്തു കടന്നിരിക്കുന്നത്.
ഏതുതരം ജീവിയാണ് ആടുകളെ ആക്രമിച്ചതെന്നു വീട്ടുകാർക്കറിയില്ല. ആടുകളെ പരിശോധിക്കാനെത്തിയ എരുമപ്പെട്ടി മൃഗാശുപത്രിയിലെ ഡോക്ടർ രുക്മയ്ക്കും ആക്രമിച്ച ജീവി ഏതാണെന്നു തിരിച്ചറിയാനായില്ല.
കൂട്ടിലുണ്ടായിരുന്ന ഏഴ് ആടുകളുടെയും ചെവിയാണ് പ്രധാനമായും കടിച്ചെടുത്തിരിക്കുന്നത്. ചത്തതും അല്ലാത്തതുമായ മുഴുവൻ ആടുകളുടെയും ചെവികൾ നഷ്ടപ്പെട്ട നിലയിലാണ്.
തെരുവുനായ്ക്കളുടെയും കുറുനരികളുടെയും കാട്ടുപൂച്ചകളുടെയും ശല്യം രൂക്ഷമായിട്ടുള്ള പ്രദേശം കൂടിയാണിത്.