കുടുംബശ്രീയുടെ പ്രവർത്തനമികവിന് അംഗീകാരത്തിളക്കം
1423199
Saturday, May 18, 2024 1:39 AM IST
ഗുരുവായൂർ: കുടുംബശ്രീയുടെ പ്രവർത്തന മികവിന് അംഗീകാരമായി ദേവസ്വം സ്ഥാപനങ്ങളുടെ നടത്തിപ്പും കുടുംബശ്രീയെ ഏൽപ്പിക്കുന്നു.ദേവസ്വത്തിന്റെ തെക്കനടയിൽ ഭക്തൻ വഴിപാടായി നിർമിച്ചുസമർപ്പിച്ച അത്യാധുനിക ക്ലോക്ക് റൂം സമുച്ചയം കുടുംബശ്രീയെ ഏൽപ്പിക്കാൻ ധാരണയായി. ദേവസ്വത്തിന്റെ വയോജന പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പും കുടുംബശ്രീക്ക് നൽകാൻ ആലോചന നടക്കുന്നതായി നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഇതു കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും ചെയർമാൻ അറിയിച്ചു.
നഗരസഭയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ലാഭവിഹിതമായി ഒരു വർഷം 51 ലക്ഷമാണു കുടുംബശ്രീ നഗരസഭയ്ക്കു നൽകിയത്. പടിഞ്ഞാറെ നടയിലെ അമിനിറ്റി സെന്ററും ലാഭവിഹിതമായി ഒരു കോടിയിലേറെ രൂപയാണ് നഗരസഭയ്ക്ക് അടച്ചത്. രണ്ടുസ്ഥലത്തുമായി നൂറിൽ താഴെ വനിതകളാണ് ജോലി ചെയ്യുന്നത്. ടെൻഡറിലൂടെ കരാറുകാർക്കു നൽകുന്നതിലും അധികതുകയാണ് കുടുംബശ്രീയിലൂടെ ലഭിച്ചത്.