വെള്ളിവർണത്തോരണങ്ങളും ലില്ലിപ്പൂവും പ്രദക്ഷിണവീഥിയെ കമനീയമാക്കി
1417342
Friday, April 19, 2024 1:48 AM IST
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ദേവാലയ പ്രദക്ഷിണവീഥി വർണത്തോരണങ്ങൾകൊണ്ട് അലങ്കരിച്ച് കമനീയമാക്കി. തിരുനാൾ ആഘോഷങ്ങൾ വർണമനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ദേവാലയ പ്രദക്ഷിണവീഥിയിലെയും ദേവാലയത്തോടുചേർന്ന് തെക്കോട്ടും വടക്കോട്ടുമുള്ള റോഡുകളിലെ അരങ്ങ് പന്തലുമാണ്.
200 അടി നീളവും 20 അടി വീതി യുമുള്ള പ്രദക്ഷിണവീഥിയിൽ വെള്ളിവർണത്തോരണങ്ങളാണ് മേലാപ്പുചാർത്തിയിട്ടുള്ളത്. ഒരു ക്വിന്റൽ വർണക്കടലാസാണ് തോരണങ്ങൾക്കായി ഉപയോ ഗിച്ചിട്ടുള്ളത്. അരങ്ങ് കമ്മിറ്റി കൺവീനർ എക്മെന്റ് തോമാസിന്റെ നേതൃത്വത്തിലാണ് അരങ്ങ് അലങ്കാരം നടക്കുന്നത്.
36 വലിയതും 20 ചെറിയതുമായ തൂണുകളിലുമായാണ് വിശാലമായ പ്രദക്ഷിണവീഥി അലങ്കരിക്കുന്നത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി തോരണങ്ങൾക്ക് ഇടയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ പ്രിയങ്കരമായ ലില്ലിപ്പൂക്കളുടെ വലിയ മാതൃകകളാണ് സ്ഥാപിച്ചിട്ടുള്ളത്.
തൂണുകളിലും പൂക്കൾകൊണ്ട് അലങ്കരിക്കും. കൂടാതെ പള്ളിനടയിൽ വലിയ കമാനവും സ്ഥാപിക്കുന്നുണ്ട്. തിരുനാൾദിവസമായ ഞായറാഴ്ച നടക്കുന്ന ഭക്തിസാന്ദ്രമായ തിരുനാൾപ്രദക്ഷിണം അലംകൃതമായ പ്രദക്ഷിണ വീഥിയിലൂടെയാണു കടന്നുപോവുക.