അരിമ്പൂരിലെ ഹോട്ടലിൽനിന്നും ബിരിയാണി കഴിച്ചവർക്കു ഭക്ഷ്യവിഷബാധ
1397173
Sunday, March 3, 2024 7:55 AM IST
കാഞ്ഞാണി: അരിമ്പൂരിലെ ഹോട്ടലിൽനിന്നും ബിരിയാണി കഴിച്ചവർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി പരാതി. ബിരിയാണി വില്പന നടത്തിയ ഹോട്ടൽ പൂട്ടാൻ പഞ്ചായത്ത് ആരോഗ്യവിഭാഗം നിർദേശം നൽകി.
അരിമ്പൂർ ഹയർ സെക്കൻഡറി സ്്കൂളിനു സമീപം പ്രവർത്തിക്കുന്ന ഡ്രീം ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ചവരിൽ രണ്ടു വിദ്യാർഥികൾ അടക്കം മൂന്നു പേർക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി പറയുന്നത്. ഭക്ഷണം പാർസൽ വാങ്ങിയവരാണ് ദുരിതത്തിലായത്.
അരിമ്പൂർ കൈപ്പിള്ളി സ്വദേശികളായ സിഷ, കൃഷ്ണദേവ് എന്നിവർക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. കൂടാതെ മറ്റൊരാൾക്കും സമാനപ്രശ്നമുണ്ടായെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു.
തുടർന്ന് മണലൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ അരുൺ പി. കാര്യാട്ട്, ക്ലാർക്ക് ആനന്ദ്, അരിമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശരേഷ് ശങ്കർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നവ്യ സുധൻ, അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി.എം. മഹേന്ദ്ര എന്നിവർ ചേർന്ന് ബിരിയാണി വിറ്റ ഹോട്ടൽ പരിശോധിച്ചു.
കുടിവെള്ളത്തിൽ മലിനജലം കലരുന്ന അവസ്ഥയാണ് ഹോട്ടലിൽ ഉണ്ടായിരുന്നതെന്ന് ഹോട്ടലിൽ പരിശോധന നടത്തിയ ആരോഗ്യവിഭാഗം പറഞ്ഞു. മണലൂർ സ്വദേശി ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിപ്പിച്ചിരുന്ന ഹോട്ടൽ അടച്ചിടാൻ നിർദേശിക്കുകയും നോട്ടീസ് നൽകുകയും ചെയ്തതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.