വീട് കുത്തിത്തുറന്ന് മോഷണം; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു
1397163
Sunday, March 3, 2024 7:54 AM IST
പൊന്മാനിക്കുടം: പെരിഞ്ഞനത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ചക്കരപ്പാടം പോസ്റ്റ്ഓഫീസിന് സമീപം കാട്ടുപറമ്പിൽ സെയ്ഫുദ്ധീന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുൻവാതിലിന്റെ ലോക്ക് തകർത്താണ് അകത്തു കടന്നിട്ടുള്ളത്. മുറിക്കകത്തെ അലമാരകളും, മേശവലിപ്പുകളും തുറന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടു. സൈഫുദീനും ഭാര്യയും ഉംറക്ക് പോയിരിക്കുകയാണ്. ഇന്നലെ വൈകീട്ട് നാലോടെ വീട്ടിലെത്തിയയാളാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിച്ചു. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചാലക്കുടി: മേച്ചിറയിൽ പൂട്ടിക്കിടന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം. ഏഴുപവന്റെ സ്വർണാഭരണങ്ങൾ മോഷണംപോയി. മേച്ചിറ മേപ്പുള്ളി ഷാബുവിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. ഷാബുവും ഭാര്യയും ജോലിക്ക് പോയിരിക്കയായിരുന്നു. വൈകിട്ട് തിരിച്ചുവന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവാതിൽ ബലമായി തുറന്ന നിലയിലായിരുന്നു. അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. ഡോഗ് സ്കാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.