പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ മന്ത്രിയെയും മുന്‍മന്ത്രിയെയും കളത്തിലിറക്കി
1396735
Saturday, March 2, 2024 1:50 AM IST
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റെങ്കിലും വിജയിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കു പിടിച്ചുനില്ക്കാന് പറ്റാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന നിരീക്ഷണമാണ് മന്ത്രി കെ. രാധാകൃഷ്ണനെയും മുന്‍മന്ത്രി സി. രവീന്ദ്രനാഥിനെയും കളത്തിലിറക്കാന്‍ നേതൃത്വം സമ്മര്‍ദത്തിലായത്. ലോക്സഭാ തെരഞ്ഞെ ടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇരുവരും തീര്‍ത്തുപറഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇടപെട്ടതോടെയാണ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചതത്രേ.
വ്യക്തിപ്രഭാവം മുതലെടുത്തെങ്കിലും വിജയം നേടിയില്ലെ ങ്കില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയരുമെന്ന തിരിച്ചറിവാണ് ഇവരെ രംഗത്തിറക്കാന്‍ കാരണമായത്. മുന്‍മന്ത്രി ശൈലജടീച്ചറെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിക്കു വേണ്ടത്ര പ്രതീക്ഷയില്ല. കെ. മുരളീധരന്റെ സ്വാധീനത്തെ മറികടക്കാന്‍ കഴിയുമോയെന്നതു പാര്‍ട്ടി നേതാക്കള്‍ക്കും ഉറപ്പില്ല.
ഇതേസമയം, കെ. രാധാകൃഷ്ണനെയും ശൈലജ ടീച്ചറെയും ഈ പേരിലെങ്കിലും സംസ്ഥാനനേതൃത്വത്തില്‍നിന്ന് മാറ്റിയാല്‍മാത്രമേ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ തനിക്കു പകരം നേതൃസ്ഥാനത്തേക്കു കൊ ണ്ടുവരാന്‍ കഴിയൂവെന്ന ചിന്തയും പിണറായിക്കുണ്ടെന്നു നേതാക്കളില്‍തന്നെ സംസാരമുണ്ട്. എന്തായാലും സീറ്റുപിടിക്കു കയെന്നത് അനിവാര്യമായിരിക്കുന്നതിനാല് ഇവരെ സ്ഥാനാര്ഥികളാക്കുന്നതിനെ എതിര്‍ക്കാനും കഴിയാത്ത സാഹചര്യമായിരുന്നു പാര്‍ട്ടി നേതാക്കള്‍ക്കും.
പാര്‍ട്ടി നിര്‍ബന്ധിച്ചതുകൊണ്ടാണ് തങ്ങള്‍ മത്സരത്തിനിറങ്ങുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. മന്ത്രി കെ. രാധാകൃഷ്ണനാകട്ടെ ജയിച്ചാല്‍ മന്ത്രിസ്ഥാനം വിടേണ്ടിവരും. എംപിയാകുന്നതിലും താത്പര്യം മന്ത്രിസ്ഥാനത്തു തുടരുന്നതുതന്നെയായിരുന്നു. രണ്ടരവര്‍ഷം കൂടി മന്ത്രിയായി ഇരുന്ന് തുടര്‍ന്നു പാര്‍ട്ടി നേതൃസ്ഥാനത്തേക്കു മാറാമെന്നതായിരുന്നു കണക്കുകൂട്ടല്‍.
പക്ഷേ, ആലത്തൂര്‍ പിടിക്കാന്‍ പഴയ എംപി പി.കെ. ബിജുവിനെ നിര്‍ത്തിയിട്ടു കാര്യമില്ലെന്നു കണ്ടതോടെയാണ് പാർട്ടി രാധാകൃഷ്ണനെത്തന്നെ ഇറക്കാന്‍ തയാറായത്. പി.കെ. ബിജുവിനു വീണ്ടും അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, കരുവന്നൂര്‍ കേസടക്കം കൈകാര്യംചെയ്തതിലെ വീഴ്ച തിരിച്ചടിയാകുമെന്നതിനാല്‍ പാര്‍ട്ടി ബിജുവിനെ മാറ്റിനിര്‍ത്തുകയായിരുന്നു.
സിപിഐയും മുന്‍മന്ത്രി വി.എസ്. സുനില്‍കുമാറിനെ രംഗത്തിറക്കിയതു വ്യക്തിപരമായി വോട്ടുകള്‍ പിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ്.
സിപിഎം നേതൃത്വം മൂന്നു സീ റ്റുകളാണ് ഉറപ്പായും ലഭിക്കുമെന്ന് ഇപ്പോള്‍ കണക്കുകൂട്ടിയിരിക്കുന്നത്. ചാലക്കുടി, ആലത്തൂര്‍, ആലപ്പുഴ മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അതാതു ജില്ലാ കമ്മിറ്റികള്‍ക്കു സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.