കുളത്തില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന് മുങ്ങിമരിച്ചു
1375593
Sunday, December 3, 2023 11:24 PM IST
ഗുരുവായൂര്‍: ക്ഷേത്രക്കുളത്തില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന് മുങ്ങിമരിച്ചു.ഗുരുവായൂര്‍ ദേവസ്വം റിട്ട.ജീവനക്കാരന് തിരുവെങ്കിടം കപ്പാത്തയില്‍ രവീന്ദ്രനാഥനാണ്(രവി-69) മരിച്ചത്. ഇന്നലെ രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിന്റെ കുളത്തിലായിരുന്നു സംഭവം.
ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട പേരക്കുട്ടികളായ അര്ജുന്, ആദിത്യന് എന്നിവര്‍ക്കൊപ്പമാണ് രവീന്ദ്രനാഥന്‍ കുളിക്കാന്‍ വന്നത്. അര്ജുന് ആദ്യം കുളത്തിലിറങ്ങി. ചണ്ടിയില്‍ കാല് കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ കുളത്തില്‍ ചാടിയ രവീന്ദ്രനാഥന്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
കരയ്ക്കു നിന്നിരുന്ന ആദിത്യന്റെ നിലവിളി കേട്ട് ഇവരുടെ അച്ഛന് തിരുവെങ്കിടം ക്ഷേത്രം ജീവനക്കാരന് കൂടിയായ വിജയകുമാര്‍ ഓടിയെത്തി കുളത്തിലേക്ക് ചാടി. രണ്ടുപേരേയും കരയ്ക്ക് കയറ്റി. പിന്നീട് ആക്ട്സിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രവീന്ദ്രനാഥിനെ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായിരുന്ന അര്ജുന് അല്പം കഴിഞ്ഞപ്പോള്‍ അപകടനില തരണം ചെയ്തു.
ഭാര്യ: രാധ. മക്കള്‍: രമ്യ (ഡയറക്ടര്‍, ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്ക്), രതീഷ് (ഗുരുവായൂര്‍ ദേവസ്വം). മരമകന്: വിജയകുമാര്‍ അകമ്പടി (തിരുവെങ്കിടം ക്ഷേത്രം).