പിഎംഎവൈ ലൈഫ് ഭവനപദ്ധതി; ഇരിങ്ങാലക്കുട നഗരസഭ പൂര്‍ത്തീകരിച്ചത് 682 വീടുകൾ
1374343
Wednesday, November 29, 2023 2:36 AM IST
ഇരിങ്ങാലക്കുട: പിഎംഎവൈ ലൈഫ് ഭവനപദ്ധതിയില്‍ നേട്ടവുമായി ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി ആരംഭിച്ച 2017 മുതല്‍ 2021 വരെയായി 642 വീടുകളുടെ നിര്‍മാണമാണ് അഞ്ച് ഡിപിആര്‍ വഴിയായി നഗരസഭ പൂര്‍ത്തീകരിച്ചത്.
ആകെ 659 വീടുകളുടെ ഗുണഭോക്താക്കളുമായിട്ടാണ് കരാര്‍ ഒപ്പിട്ടിരുന്നത്. ഇതില്‍തന്നെ ആറ് വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 2021, 2022 വര്‍ഷങ്ങളിലായി 41 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 374 ഗുണഭോക്താക്കളില്‍ 244പേര് ഭവന നിര്‍മാണത്തിനായുളള കരാറില്‍ ഒപ്പുവച്ചു. ഇതില്‍ 40 എണ്ണത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായി. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ഒരു വീടിന്റെ നിര്‍മാണത്തിനായി നാലു ലക്ഷം രൂപയാണ് നല്‍കുന്നത്.
രണ്ടുലക്ഷം രൂപ നഗരസഭ വിഹിതവും ഒന്നരലക്ഷം കേന്ദ്ര വിഹിതവും അമ്പതിനായിരം രൂപ സംസ്ഥാന വിഹിതവുമാണ്. ഇതിനകം ആറരക്കോടി രൂപയാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. പദ്ധതി പ്രകാരം നഗരസഭയില്‍ മാത്രം 682 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. കൂടുതല്‍ വീടുകള്‍ നിര്‍മിച്ച് കൈമാറിയിട്ടുള്ള തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയില്‍ നഗരസഭ മുന്നിലാണെന്ന് അധികൃതര്‍ പറയുന്നു.
വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 97% നിര്‍വഹണമാണ് നഗരസഭ നടത്തിയിരിക്കുന്നത്. ഫണ്ടുലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണവും താക്കോല്‍ദാനവും ഇന്ന് നടക്കും.