37 വര്‍ഷം മുമ്പ് കാണാതായ സ്ത്രീയെ കണ്ടെത്തി പോലീസ്
1374322
Wednesday, November 29, 2023 2:14 AM IST
പഴയന്നൂര്‍: തമിഴ്നാട്ടിലെ ഏര്‍വാടി പള്ളിയിലേക്ക് 37 വര്‍ഷം മുമ്പ് തീര്‍ഥാടനത്തിനുപോയി വീട്ടില്‍ തിരിച്ചെത്താതിരുന്ന പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശിനി നഫീസയെ പഴയന്നൂര്‍ പോലീസ് കണ്ടെത്തി.
പള്ളിയിലേക്ക് തീര്‍ഥാടനത്തിന് എന്നുപറഞ്ഞു പോയ നഫീസ പിന്നീട് തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇക്കഴിഞ്ഞ ദിവസം കണ്ണൂര്‍ റൂറല്‍ പോലീസിന്റെ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സതീശന്, സീനിയര്‍ സിപിഒ സുജിത്ത് എന്നിവര്‍ ഒരു കൊലപാതകകേസ് അന്വേഷണവുമായി ബന്ധപ്പെട്ട്, പ്രതിയെ തെരഞ്ഞ് രാജസ്ഥാനിലെ അജ്മീറിലെത്തിയിരുന്നു.
മലയാളം സംസാരിക്കുന്ന പ്രതിയെ തെരഞ്ഞ് എത്തിയ സംഘത്തിന്റെ മുമ്പില്‍ നഫീസ പെടുകയായിരുന്നു. പേരും വിലാസവും ഏത് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്കുകയുണ്ടായില്ല. തങ്ങള്‍ അന്വേഷിക്കുന്ന കൊലക്കേസ് പ്രതിയായിരിക്കുമോ എന്നു കരുതി,
വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ നല്കിയ വിവരങ്ങള്‍ ഉടന്‍തന്നെ കണ്ണൂര്‍ റൂറല്‍ പോലീസ് പഴയന്നൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിനു കൈമാറുകയും, തുടര്‍ന്ന് പ്രസ്തുത വിവരങ്ങള്‍ അനുസരിച്ച് പഴയന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ അന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് ആലത്തൂരിനടുത്ത് ഇരട്ടക്കുളത്ത് ഇപ്പോള്‍ താമസിക്കുന്ന നഫീസയുടെ മക്കളെ കണ്ടെത്തുകയുമായിരുന്നു.
പഴയന്നൂര്‍ പോലീസ് സ്റ്റേഷന് പിആര്‍ഒ സതീഷ് കുമാര്‍ നഫീസയുടെ മക്കളോട് നഫീസ അജ്മീറില്‍ ഉണ്ടെന്നും അജ്മീറിലെ വിവരങ്ങളും നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ അജ്മീറിലെത്തി നഫീസയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.