കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമല്ലാതായി
1374094
Tuesday, November 28, 2023 1:57 AM IST
വരന്തരപ്പിള്ളി: കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നുകിടക്കുന്നത് വാഹനയാത്ര ക്കാർക്കു ദുരിതമാകുന്നു. കോടികൾ മുടക്കി പാലം നിർമിച്ചിട്ട് അഞ്ച് വർഷമായിട്ടും ഇരുഭാഗത്തേ ക്കുമുള്ള റോഡ് പണിയാൻ ഇതുവരെ നടപടിയായില്ല. ഒരു വശത്ത് റവന്യു ഭൂമിയും, മറുവശത്ത് വനം വകുപ്പിന്റെ ഭൂമിയുമാണ്. ഈ രണ്ടു ഭാഗത്തും സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയെങ്കിലും റോഡ് നിർമാണം നീളുകയാണ്.
കുറുമാലി പുഴയ്ക്ക് കുറുകെ നിർമിച്ചിട്ടുള്ള പാലം വരന്തരപ്പിള്ളി പഞ്ചായത്തിലെ രണ്ട് പ്രദേശ ങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം ടൂറിസം മേഖലയ്ക്കും സാധ്യത കൽപ്പിച്ചിരുന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലൂടെയാണ് നാട്ടുകാർ സഞ്ചരിക്കുന്നത്. നിരവധി അപകടങ്ങളാണ് ഇതിനിടെ സംഭവിച്ചത്.
വരന്തരപ്പിള്ളി പൗണ്ട് ഭാഗത്തേക്ക് എളുപ്പമാർഗമായ പാലത്തിലൂടെയാണ് വെള്ളാരംപാടം, മുപ്ലിയം എന്നിവിടങ്ങളിലുള്ളവർ എത്തുന്നത്. പാലത്തിന്റെ അനുബന്ധ റോഡ് എത്രയും വേഗം നിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ കെ.കെ. രാമചന്ദ്രൻ എംഎൽഎക്ക് നിവേദനം നൽകി.