അമ്മാടം സെന്റ് ആന്റണീസിൽ "ഗ്രീൻ റിച്ച് എക്സ്പോ'
1339573
Sunday, October 1, 2023 2:15 AM IST
അമ്മാടം: സെന്റ് ആന്റണീസിൽ അന്താരാഷ്ട്ര വെജിറ്റേറിയൻ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഒരുക്കിയ ആയിരത്തിലധികം പച്ചക്കറി വിഭവങ്ങളുടെ പ്രദർശനം "ഗ്രീൻ റിച്ച് എക്സ്പോ' ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു.
ഫാസ്റ്റ് ഫുഡിന്റെ ഈ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന യുവതലമുറയെ പച്ചക്കറി വിഭവങ്ങളുടെ രുചി വൈവിധ്യത്തെ പരിചയപ്പെടുത്തുന്ന പ്രദർശനമായിരുന്നു "ഗ്രീൻ റിച്ച് എക്സ്പോ'. 66 പച്ചക്കറി ഇനങ്ങളിൽ നിന്ന് രക്ഷിതാക്കളുടെ സഹകരണത്തോടെ 1026 വിഭവങ്ങളാണ് കുട്ടികൾ പ്രദർശനത്തിന് എത്തിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം ഷീന, പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . ഹെഡ്മാസ്റ്റർ സ്റ്റെയ്നി ചാക്കോ, ജനറൽ കണ്‍വീനർ ഡെന്നസ് പല്ലിശേരി എന്നിവർ സംസാരിച്ചു.