വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ചോർച്ച; കളിക്കണമെങ്കിൽ കുട പിടിക്കണം !!
1339563
Sunday, October 1, 2023 2:08 AM IST
തൃശൂർ: വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിനുള്ളിൽ വിവിധ ഭാഗങ്ങളിൽ ചോർച്ച. മഴപെയ്യുന്പോൾ വെള്ളം കോർട്ടിൽ വീഴുകയാണ്. ഇതുമൂലം കളികൾ തടസപ്പെടുന്നു.
ഇന്നലെ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഗെയിംസിനുള്ള കേരള വോളിബോൾ ടീം സെലക്ഷൻ സമയത്തും മഴ പെയ്ത് ചോർച്ച അനുഭവപ്പെട്ടു. തുടർന്ന് ജീവനക്കാരെത്തി തറ തുടച്ചു വൃത്തിയാക്കിയശേഷമാണു കളി തുടർന്നത്.
എന്നാൽ കോർട്ടിൽ നനവു നിൽക്കുന്നതിനാൽ കളിക്കാർക്ക് മികച്ചപ്രകടനം സാധിച്ചില്ലെന്ന് ആരോപണമുണ്ട്. തെന്നിവീഴുമെന്ന ഭയത്തോടെയാണു കളി തുടർന്നത്. ആസ്ബസ്റ്റോസ് മേഞ്ഞ മേൽക്കൂരയ്ക്കു താഴെ സീലിംഗ് ഇട്ടതിനുള്ളിലൂടെയാണു മഴവെള്ളം താഴേക്കു പതിക്കുന്നത്.
2014ൽ ദേശീയ ഗെയിംസിന്റെ ഭാഗമായി 22 ലക്ഷം ചെലവിട്ട് സ്റ്റേഡിയത്തിന്റെ തറയിൽ മേപ്പിൾ മരത്തിന്റെ പാളികൾ സ്ഥാപിച്ചിരുന്നു. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, വെയ്റ്റ് ലിഫ്റ്റിംഗ്, ജൂഡോ, ആയോധന കലകളാണ് സ്റ്റേഡിയത്തിൽ നടക്കാറുള്ളത്. മഴക്കാലത്ത് തുടർച്ചയായി ഇതിൽ വെള്ളം വീണ് കേടുവരുന്ന സ്ഥിതിയാണ്.
പത്ത് കോർട്ടുകളും ഒരു എയർകണ്ടീഷൻ ഹാളും അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങളുമുണ്ട്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിലാണ് സ്റ്റേഡിയത്തിന്റെ പ്രവർത്തനം.