പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളജിന് സ്വയംഭരണാവകാശ പദവി
1339341
Saturday, September 30, 2023 12:58 AM IST
തിരുവില്വാമല: 1968ഇൽ സ്ഥാപിതമായ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സംരംഭമായ പാമ്പാടി നെഹ്റു കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് റിസർച്ച് സെന്ററിന് സ്വയംഭരണാവകാശ പദവി ലഭിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ്റൂമുകളും, ലാബുകളും, ഡിജിറ്റൽ ലൈബ്രറികളും, മികച്ച പ്ലേസ്മെന്റും, ഉന്നത വിദ്യാഭ്യാസ യോഗ്യതയും, അനുഭവ സമ്പത്തുമുള്ള അധ്യാപകരും, സംരംഭകത്വത്തിനു ഊന്നൽ നല്കുന്നതിനായി ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ സെന്ററും ഉള്ള ഈ സ്ഥാപനം നാക് എ ഗ്രേഡും എൻബിഎ ആൻഡ് ഐഎസ്ഒ സെർട്ടിഫിക്കേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ഐഎസ്ആർഒയുമായി സഹകരിച്ചു പിസാറ്റ് സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹ ദൗത്യത്തിലും നെഹ്റു കോളജ് വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർഥികളിൽ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി കോളജിലെ എൻസിസിയും എൻഎസ്എസും സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
കോളജിൽ ഐഇഇഇ, ഐഇഡിഇ, ഐഎസ്ടിഇ തുടങ്ങിയ വിവിധ സാങ്കേതിക സംഘടനകൾ വിദ്യാർഥികളിൽ നൂതനമായ സാങ്കേതിക പരിജ്ഞാനം വളർത്തിയെടുക്കാൻ പ്രവർത്തിച്ചു വരുന്നു. ഹോം ഫോർ ഹോംലെസ്, സഹപാഠിക്കൊരു കൈത്താങ്ങ് തുടങ്ങിയ വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി നെഹ്റു കോളജ് എന്നും മുന്നിലുണ്ട്. ഇരുപതുവർഷം പിന്നിടുന്ന ഈ വേളയിൽ കോളജിന് സ്വയംഭരണാവകാശ പദവി എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞത് നാഴികകല്ലായി.
മധ്യ - വടക്കൻ കേരളത്തിലെ സ്വകാര്യ എൻജിനീയറിംഗ് കോളജുകളിൽ സ്വയംഭരണാവകാശം നേടുന്ന ആദ്യ സ്ഥാപനമാണ് നെഹ്റു എന്ജിനീയറിംഗ് കോളജ്. പ്രിൻസിപ്പൽ പ്രഫ. ഡോ. കാരിബാസപ്പ ക്വാഡികിയുടെ നേതൃത്വത്തിലുള്ള പ്രഗത്ഭരായ അധ്യാപക - അനധ്യാപക വൃന്ദം കോളജിന്റെ വിവിധ പ്രവർത്തനങ്ങളിൽ കർമനിരതരായിട്ടുണ്ട്.