ആകാശപ്പാതയിൽ ഗ്രിപ്പില്ലെങ്കിൽ സ്ലിപ്പാവും..
1339160
Friday, September 29, 2023 1:38 AM IST
സ്വന്തം ലേഖിക
തൃശൂർ: ശക്തൻ നഗറിലെ ആകാശപ്പാതയിൽ മഴ പെയ്താൽ ഗ്രിപ്പില്ലെങ്കിൽ സ്ലിപ്പാവും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ആകാശ മേല്പാലം നാടിന് സമർപ്പിച്ചത്. എട്ടു കോടി ചെലവിലാണ് ആകാശപ്പാത നിർമിച്ചതെങ്കിലും മഴ പെയ്താൽ നോക്കി നടന്നില്ലെങ്കിൽ തെന്നി വീഴുന്ന അവസ്ഥയിലാണ്. രണ്ടു ദിവസമായി അടുപ്പിച്ച പെയ്ത മഴയിൽ ചില ഭാഗങ്ങളിൽ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിലാണ്. മിനുസമുള്ള നടപ്പാതയായതിനാൽ വെള്ളം വീണാൻ തെന്നി വീഴാനുള്ള സാധ്യതയേറെയാണ്. ദിവസവും വിദ്യാർഥികളും ചെറിയ കുട്ടികളും പ്രായമായവരും ആകാശപ്പാതയിലൂടെ കയറി ഇറങ്ങുന്നുണ്ട്.
ആകാശപ്പാതയുടെ ഇരുവശങ്ങളും മറയ്ക്കാത്തതിനാലാണ് മഴവെള്ളം നടപ്പാതയിൽ വീഴാൻ കാരണം. നാലു ഭാഗങ്ങളിൽ നിന്നുള്ള ചവിട്ടുപടികൾക്ക് മുകളിൽ മേൽക്കൂര ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. ആളുകൾക്ക് സുഖമമായി റോഡ് മുറിച്ച് കടക്കാനാണ് ആകാശപ്പാത നിർമിച്ചത്. എന്നാൽ മഴയത്ത് ആകാശപ്പാതയിൽ കയറിയാൽ തെന്നി വീഴാനുള്ള സാധ്യതയേറെയാണ്. ആകാശപ്പാത പൂർത്തീകരിച്ച കോർപറേഷൻ അതിന്റെ പരിപാലനത്തിലും പരിമിതികളിലും ജാഗ്രത കാണിക്കണ്ടേതുണ്ടെന്നാണ് ജനങ്ങളുടെ ആവശ്യം.