പുഴയിൽവീണ് ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷിച്ചു
1339159
Friday, September 29, 2023 1:38 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി ആറാട്ടുകടവു പുഴയിൽവീണ് ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷിച്ചു. എരുമപ്പെട്ടി മുരിങ്ങത്തേരി വീട്ടിൽ റിജോ (25) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറിനാണു സംഭവം. കോണ്ക്രീറ്റ് തടയണയ്ക്കു മുകളിൽനിന്ന് പുഴയിലൂടെ ഒഴുകിയെത്തുന്ന നാളികേരം പിടിച്ചെടുക്കുകയായിരുന്നു റിജോ. ഇതിനിടെ കാൽവഴുതി ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. ചുഴിയിൽപ്പെട്ട റിജോ വെള്ളത്തിൽ താഴ്ന്നുപോയി. സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന തിച്ചൂർ സ്വദേശികളായ രമണിയും മക്കളായ നരേന്ദ്രനും ദിപുവും ചേർന്നു കയർ എറിഞ്ഞുകൊടുത്തു റിജോയെ തടഞ്ഞു നിർത്തി. തുടർന്നു നാട്ടുകാരെയും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു.
ഇതിനിടെ ശരീരം തളർന്ന റിജോ അന്പതു മീറ്ററിലധികം ദൂരം ഒഴുകി വെള്ളത്തിൽ താഴ്ന്നു. റിജോ ഒഴുകി മറുകരയിലെത്തിയതിനാൽ ഒരു കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് ഇയാളുടെ അരികിലെത്തിയത്. റിജോ വെള്ളത്തിൽ താഴുന്നതുകണ്ട നരേന്ദ്രൻ ഉടൻ തന്നെ പുഴയിലേക്ക് ചാടി റിജോയെ മുങ്ങിയെടുത്തു.
ഇതിനിടെ സ്ഥലത്തെത്തിയ എരുമപ്പെട്ടി ഇൻസ്പെക്ടർ റിജിൻ എം.തോമാസിന്റെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്ന് റിജോയെ രക്ഷപ്പെടുത്തുകയായിരുന്നു.
എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ റിജോയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു. എസ്.ഐ. എൻ.വി. ശോകൻ, പോലീസ് ഓഫീസർ ജിനോ സെബാസ്റ്റ്യൻ, അഭിലാഷ്, സോജുമോൻ, പരിസവാസിയായ ക്ലാര എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.