ജലസംഭരണി പുനര്‍നിര്‍മാണം: പദ്ധതി സമര്‍പ്പിച്ചിട്ടും അനക്കമില്ല
1337719
Saturday, September 23, 2023 2:01 AM IST
എടതിരിഞ്ഞി: കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച എടതിരിഞ്ഞി സെന്ററിലെ ജലസംഭരണി പുനര്‍നിര്‍മിക്കാന്‍ രണ്ടിടത്ത് പദ്ധതി സമര്‍പ്പിച്ച് വാട്ടര്‍ അഥോറിറ്റി. പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, സംസ്ഥാന ജല്‍ജീവന്‍ മിഷന് എന്നിവയിലാണ് ഇരിങ്ങാലക്കുട വാട്ടര്‍ അതോറിറ്റി പദ്ധതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ 3.7 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് ഭാവിയിലെ ആവശ്യം കണക്കിലെടുത്ത് അഞ്ചര ലക്ഷത്തിലേറെ സംഭരണശേഷിയാണ് കണക്കുകൂട്ടുന്നത്. ഇതിനായി കൂടുതല്‍ തുക വകയിരുത്തിയുള്ള പദ്ധതികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരംയും രണ്ടിടത്തുനിന്ന് അനുമതി ലഭിച്ചിട്ടില്ല.
പിഎംജെവികെ പദ്ധതിയില്‍ ജില്ലാ ഭരണകൂടത്തിനും ജല്‍ജീവന്‍ പദ്ധതിയില്‍ സംസ്ഥാന വാട്ടര്‍ അഥോറിറ്റിക്കുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. അനുമതി ലഭിച്ചാല്‍ ഇപ്പോഴത്തെ അപകട ഭീഷണിയുള്ള ടാങ്ക് പൂര്‍ണമായും പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. 35 വര്‍ഷം പഴക്കമുള്ള ജലസംഭരണിയുടെ കോണ്‍ക്രീറ്റ് തൂണുകളും ടാങ്കിന്റെ അടിഭാഗവും പൊട്ടിപ്പൊളിഞ്ഞ് അടര്‍ന്ന് വീണുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് തകര്‍ന്നുപോയ ഭാഗങ്ങളില്‍ പുറത്തായ കമ്പികള്‍ തുരുമ്പെടുത്ത് ജീര്‍ണാവസ്ഥയിലാണ്.
അപകടാവസ്ഥയിലായ ജലസംഭരണി അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അറ്റകുറ്റപ്പണിക്കായി വാട്ടര്‍ അഥോറിറ്റി നേരത്തെ പലതവണ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വാട്ടര്‍ അതോററ്റി ഇപ്പോഴത്തെ ടാങ്ക് പൊളിച്ചുനീക്കി പുതിയ ജലസംഭരണി നിര്‍മിക്കാനൊരുങ്ങുന്നത്. കാറളം പടിയൂര്‍ ശുദ്ധജലപദ്ധതിയുടെ ഭാഗമായി 1986 ലാണ് പടിയൂര്‍ പഞ്ചായത്തിലെ എടതിരിഞ്ഞിയില്‍ 3.70 ലക്ഷത്തോളം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് കമ്മിഷന് ചെയ്തത്. പടിയൂരിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് ഈ ടാങ്കില്‍ നിന്നാണ്. കാലങ്ങളായി ടാങ്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.