വില്വാദ്രി സന്നിധിയിൽ വർണ, വാദ്യ വിസ്മയം
1337394
Friday, September 22, 2023 1:59 AM IST
തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് ആരംഭം കുറിച്ച് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ദർശനത്തിന് ഭക്തജന തിരക്ക്. നിറമാല വില്വമലയിൽ വാദ്യവർണ വിസ്മയം ഒരുക്കി.
കന്നി മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച താമരപ്പൂമാല തോരണങ്ങളും കുലവാഴകളും കൊണ്ട് അലങ്കരിച്ച ക്ഷേത്ര മുറ്റത്ത് ഗജവീരന്മാരും നാദാർച്ചനക്കെത്തിയ വാദ്യകലാകാരന്മാരും അണിനിരന്നപ്പോൾ ഉത്സവ പ്രേമികളിൽ ആവേശമായി. പുലർച്ചേ അഞ്ചിന് കലാമണ്ഡലം അച്ചുതൻ, ഞെരളത്ത് രാമദാസ്, രഘുനന്ദൻ വാര്യർ എന്നിവർ ചേർന്നവതരിപ്പിച്ച അഷ്ടപദിയോടെയാണ് നിറമാലക്ക് തുടക്കമായത്.
പ്രഭാതശീവേലിയിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളം കൊട്ടികയറിയപ്പോൾ ഉച്ചകഴിഞ്ഞ് കുനിശേരി അനിയൻ മാരാരുടെ നേതൃത്വത്തിൽ നാദലയങ്ങളൊരുക്കി പഞ്ചവാദ്യം അരങ്ങേറി.
വൈകീട്ട് നാദസ്വര കച്ചേരി, സോപാന സംഗീതം, ഭക്തിഗാനസുധ, രാത്രി 10ന് തായമ്പക തുടർന്ന് പഞ്ചമദ്ദളകേളി, ശീവേലി എഴുന്നള്ളിപ്പ് എന്നിവയും നിറമാലയോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ അരങ്ങേറി.