മേയര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം: എം.പി. വിന്‍സന്റ്
1337391
Friday, September 22, 2023 1:59 AM IST
തൃശൂര്‍: നഗരത്തിലെ റോഡുകള്‍ മരണക്കുഴികളായി മാറുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശബമഞ്ചവുമേന്തി മേയറുടെ ചേംബറിലേക്ക് നടത്തിയ മാര്‍ച്ച് കോര്‍പറേഷന്റെ ഗേറ്റ് അടച്ചിട്ട് പോലീസ് തടഞ്ഞു.
തുടര്‍ന്ന് കോര്‍പറേഷനുമുമ്പില്‍ നടത്തിയ മാര്‍ച്ച് യുഡിഎഫ് ചെയര്മാന് എം.പി. വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. എംജി റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രിക മരിച്ച സംഭവത്തില്‍ മേയറുടെ പേരിലും കോര്പറേഷന് എന്‍ജിനിയറുടെ പേരിലും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വിന്‍സന്റ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് രാജന് പല്ലന് അധ്യക്ഷത വഹിച്ചു. എംജി റോഡിലെ കുഴിയില്‍ വീണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് രാജന് പല്ലന് ആവശ്യപ്പെട്ടു.
മുന്‍ മേയര്‍ ഐ.പി. പോള്‍, കൗണ്‍സിലര്‍മാരായ കെ. രാമനാഥന്, മുകേഷ് കൂളപറമ്പില്‍, ജയപ്രകാശ് പൂവ്വത്തിങ്കല്‍, സിന്ധു ആന്റോ ചാക്കോള, ലീല വര്‍ഗീസ്, കോണ്‍ഗ്രസ് നേതാക്കളായ ഫ്രാന്‍സിസ് ചാലശേരി, സുനില്‍ ലാലൂര്‍, ശിവശങ്കരന്, കെ.പി. രാധാകൃഷ്ണന്, കെ. ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തെക്കേഗോപുരനടയില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ ശവമഞ്ചവുമേന്തി മേയറുടെ ചേംബറിലേക്ക് വന്നത്. നഗരത്തിലെ റോഡുകളിലെ കുഴികള്‍ സംബന്ധിച്ച് നിരന്തരം കൗണ്‍സില്‍ യോഗങ്ങളില്‍ പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയുമെടുക്കാന്‍ മേയര്‍ തയാറാകുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഇനിയും ആളുകളുടെ ജീവന് പൊലിയാതിരിക്കാനാണ് ഇത്തരത്തിലൊരു സമരമാര്‍ഗം തെരഞ്ഞെടുത്തതെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.