അനധികൃത തെരുവുനായ് വളർത്തൽ കേന്ദ്രം
1337108
Thursday, September 21, 2023 1:22 AM IST
മേലൂർ: നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് തുടങ്ങിയ അനധികൃത തെരുവുനായ് വളർത്തൽ കേന്ദ്രം പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിക്കുന്നു.
മേലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മൂഴിക്കകടവിൽ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിലാണ് നൂറിലധികം തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രമുള്ളത്. ഒരു മാസം മുമ്പ് നിർമാണം തുടങ്ങിയപ്പോൾ പശു ഫാം ആണെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും പിന്നീട് രാത്രികാലങ്ങളിൽ തെരുവുനായ്ക്കളെ ഇറക്കുകയായിരുന്നുവെന്ന് പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് മേലൂർ പൂലാനി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. റീനയും സംഘവും കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയത്.
അംഗവൈകല്യമുള്ളതും തൊലി അടർന്നു പോയതുമായ വിവിധ ഇനത്തിലുള്ള നായ്ക്കളും ഈ കൂട്ടത്തിലുണ്ട്. തകര ഷീറ്റുകൾ കൊണ്ട് മറച്ചിട്ടുണ്ടെങ്കിലും പറമ്പിനു ചുറ്റുമതിൽ ഇല്ല.
കടുത്ത ദുർഗന്ധം വമിക്കുകയും ഇവയ്ക്ക് ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ മറ്റും കുട്ടിയിട്ടിരിക്കുന്ന നിലയിലുമാണ്. ചെള്ള് ശല്യം മൂലം ശാരീരിക അസ്വസ്ഥത നേരിടുന്നവരുമുണ്ട്. ഇത്രയധികം നായ്ക്കളുടെ ഉച്ചത്തിലുള്ള കുര മൂലം പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
പഞ്ചായത്തിന്റെ ലൈസൻസോ മറ്റു അനുമതികളോ ഇല്ലാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നതാണ്. എറണാകുളത്തെ ധ്യാൻ ഫൗണ്ടേഷൻ എന്ന സംഘടനക്കാണ് ചുമതലയെന്ന് സ്ഥലമുടമ പറയുന്നതായി ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
സ്ഥാപനത്തിനെതിരെ കർശന നടപടിയെടുക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോ. രശ്മി, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് റിപ്പോർട്ട് നൽകുമെന്ന് ഹെൽത്ത് അധികൃതർ പറഞ്ഞു.
നേരത്തെ സ്ഥലമുടമക്കും ഫൗണ്ടേഷനും ഒരു മാസത്തിനുള്ളിൽ ഇവിടെയുള്ള നായ്ക്കളെ മാറ്റണമെന്ന് കർശന താക്കീത് നൽകിയിരുന്നു.
നൽകിയ അവധി തീർന്നുവെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ലെന്ന് വാർഡ് മെമ്പർ വിക്ടോറിയ ഡേവിസ് പറയുന്നു. നൂറുകണക്കിനുള്ള നായ്ക്കൾ ആശങ്കയ്ക്ക് വഴി വയ്ക്കുകയും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വിഷയത്തിൽ കളക്ടർ ഉൾപ്പടെയുള്ളഅധികാരികൾക്ക് പരാതി നൽകുകയും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു. പരിശോധന സംഘത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുമ സാം, പി. മഞ്ചിത്ത്, കെ.എ. വർഗീസ്കുട്ടി, ജി. ശരണ്യ തുടങ്ങിയവരും ഉണ്ടായിരുന്നു.