തകർന്ന റോഡുകൾ മരണക്കുഴിയൊരുക്കുന്നു
1337099
Thursday, September 21, 2023 1:12 AM IST
സ്വന്തം ലേഖകൻ
തൃശൂർ: നഗരത്തിലെയും സമീപപ്രദേശങ്ങളിലേയും തകർന്ന റോഡുകൾ യാത്രികർക്ക് മരണക്കുഴിയൊരുക്കുന്നു. തൃശൂർ എം.ജി.റോഡിലെ ഗട്ടറിൽ ബൈക്ക് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചത് കഴിഞ്ഞ ദിവസമാണ്. തകർന്ന റോഡുകൾ നഗരത്തിലും പരിസരത്തും ഇരുചക്രവാഹന യാത്രികരെയാ ണ് ഏറ്റവുമധികം അപകടത്തിൽ വീഴ്ത്തുന്നത്. മഴ കനത്തതോടെ വെള്ളം നിറഞ്ഞു കിടക്കുന്ന ഗട്ടറുകൾ തിരിച്ചറിയാതെ അപകടത്തിൽ പെടുന്നവരും ഏറെയാണ്.
ചെറിയ കുഴികൾ പലതും വലിയ കുഴികളായി മഴ ശക്തമായതോടെ മാറിയിട്ടുണ്ട്. തൃശൂർ സ്വരാജ് റൗണ്ടിലടക്കം ഗട്ടറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുറുപ്പം റോഡിലും പാലസ് റോഡിൽ രാമനിലയത്തിനു സമീപവുമുള്ള ഗട്ടറുകൾ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിനു സമീപത്തായി നിരവധി ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇവ അടയ്ക്കാൻ നടപടികളായിട്ടില്ല.
മഴ തുടരുന്നതിനാൽ കുഴികളടക്കാൻ നിർവാഹമില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
നഗരത്തിനകത്തെ വഴികളിലൂടെ സൂക്ഷിച്ചു പോയില്ലെങ്കിൽ അപകടമുറപ്പാണ്. പ്രത്യേകിച്ച് കുട്ടികളെയും കൊണ്ട് ബൈക്കിലും സ്കൂട്ടറിലുമൊക്കെ പോകുന്നവർ.
രാമനിലയത്തിനു മുന്നിൽ നിന്നും ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിലൂടെ പോകുന്ന റോഡിൽ വളരെ കുറച്ചു ഭാഗം മാത്രം ടൈൽ പാകിയെങ്കിലും ബാക്കി ഭാഗം മുഴുവൻ കുണ്ടുകുഴിയുമാണ്. ബൈക്കുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. പുതുതായി നിർമിച്ച ടൈൽ റോഡിനു പോലും കേടുപാടുകൾ സംഭവിച്ചുതുടങ്ങിയിട്ടുണ്ട്.
കുറുപ്പം റോഡിൽ കുഴികൾ മാലിന്യമിട്ട് നികത്തിയ കാഴ്ചയുമുണ്ട്.