പുതുക്കാട് മൂന്നാംപാതയായാല് ഉടന്‍ റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി: റെയില്‍വേ ഡിവിഷണല്‍ മാനേജര്‍
1337097
Thursday, September 21, 2023 1:12 AM IST
പുതുക്കാട്: മൂന്നാംപാതയുടെ അന്തിമരേഖ വരുന്നതോടെ പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി നല്‍കുമെന്നും റെയില്‍വേയുടെ ഭാഗത്തുള്ള തടസങ്ങള്‍നീക്കി മേല്‍പ്പാലം ഉടന്‍ യഥാര്‍ഥ്യമാക്കുമെന്നും തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.എം. ശര്‍മ പറഞ്ഞു.
ദക്ഷിണ റെയില്‍വേ സ്വച്ഛത് ഭാരത് അഭയാ മിഷന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കാട് മേല്‍പ്പാലത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി എംഎല്‍എയ്ക്കുവേണ്ടി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് അറിയിച്ചു. മുപ്ലിയം ഐസിസിഎസ് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ശുചീകരണത്തിനു നേതൃത്വം നല്കി. ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഗോകുല്‍ എസ്. വള്ളത്തോടം വിദ്യാര്‍ഥികള്‍ക്ക് സ്വച്ഛ ഭാരത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ഥികള്‍ക്ക് വിവിധ തരത്തിലുള്ള ഫല വൃക്ഷത്തൈകളും വിതരണം ചെയ്തു.
പുതുക്കാട് സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്ക് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പുനല്‍കി. രണ്ടാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂരകള്‍ സ്ഥാപിക്കും. സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലം വികസനം ഉടനുണ്ടാകും.
അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കും. ടിക്കറ്റ് വരുമാനം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ ഉറപ്പുനല്‍കി. ടിക്കറ്റ് ബുക്കിംഗിനുള്ള യുടിഎസ് ആപ്പിന് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്രമമുറിയില്‍ മുലയൂട്ടല്‍മുറി ഉള്‍പ്പടെയള്ള സൗകര്യം റെയില്‍വേ അനുമതിയോടെ നടപ്പാക്കുമെന്ന് കോളേജ് എന്‍.എസ്.എസ്. ടീം അറിയിച്ചു.
സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ എ. ലിജുവിന്, സീനിയര്‍ ഡിവിഷണല്‍ സിഗ്നല്‍ ആൻഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ കെ.പി. രഞ്ജിത്ത്, സീനിയര്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നരസിംഹ ആചാരി, സ്റ്റേഷന് സൂപ്രണ്ട് കെ.ആര്. ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണരാജ് വി.നായര്‍, ചീഫ് കോമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ പ്രസൂണ്‍ എസ്. കുമാര്‍, ട്രയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് പ്സിഡന്റ് പി.ആര്. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന് എന്നിവര്‍ പങ്കെടുത്തു.