വില്വമലയിൽ വില്വാദ്രിനാഥന്റെ നിറമാല ആഘോഷം ഇന്ന്
1337096
Thursday, September 21, 2023 1:12 AM IST
ശശികുമാർ പകവത്ത്
തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കംകുറിക്കുന്ന പ്രസിദ്ധമായ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവം ഇന്ന്.
മേളവും പഞ്ചവാദ്യവും ആസ്വദിക്കാൻ ആവേശത്തോടെ ഉത്സവ പ്രേമികളും നിറമാലദിനത്തിൽ വില്വാദ്രിനാഥനെ തൊഴുതു വണങ്ങാൻ നിരവധി ഭക്തരും ഇന്നു വില്വമലയിലെത്തും. മറ്റൊരു ഉത്സവകാലത്തിന് നാന്ദികുറിക്കുന്ന നിറമാല ഉത്സവം കന്നി മാസത്തിലെ മുപ്പെട്ട് വ്യാഴാഴ്ചയാണ് ആഘോഷിക്കുന്നത് .
താമരപ്പൂമാല തോരണങ്ങളാൽ രാമലക്ഷ്മണന്മാരുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലുകളും കുലവാഴകളും പൂമാലകളും കൊണ്ട് അലങ്കരിച്ച അമ്പലമുറ്റവും നിറമാലയ്ക്കായി അണിഞ്ഞൊരുങ്ങി. തിരുനാവായിൽനിന്നും എത്തിച്ച പതിനായിരത്തോളം താമരപ്പൂക്കൾ കോർത്ത മാലകൾ കൊണ്ടാണ് ശ്രീകോവിലുകൾ അലങ്കരിക്കുക. സമ്പത്സമൃദ്ധമായ ഉത്സവകാലത്തിനായി പ്രാർഥിച്ചുകൊണ്ട് വില്വാദ്രിനാഥ സന്നിധിയിൽ നിരവധി വാദ്യകലാകാരന്മാർ വഴിപാടായി വില്വാദ്രിനാഥനു മുന്നിൽ നാദാർച്ചനക്കായി ക്ഷേ ത്രത്തിലെത്തും . അതുപോലെ ഏക്ക മൊഴിവാക്കി ഉടമസ്ഥർ നിരവധി ആനകളെ എഴുന്നള്ളിക്കാൻ കൊണ്ടുവരുന്നതും നിറമാല യുടെ പ്രത്യേകതയാണ് .
പ്രഭാത ശീവേലിക്ക് പഞ്ചാരിമേളവും രണ്ടിന് പഞ്ചവാദ്യവും അകമ്പടിയാകും. രാവിലെ ശീവേലി എഴുന്നള്ളിപ്പിൽ മേളത്തിനു കിഴക്കൂട്ട് അനിയൻ മാരാരും ഉച്ചയ്ക്ക് രണ്ടിനാരംഭിക്കുന്ന പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയൻമാരാരും പ്രമാണം വഹിക്കും. ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ, വൈകുന്നേരം ആറിന് വിളക്കുവെപ്പ്, ദീപാരാധന, നാദസ്വരം , സോപാന സംഗീതം, 6.30-ന് ഭക്തിഗാനസുധ, 10ന് തായമ്പക തുടർന്ന് പഞ്ചമദ്ദളകേളി, ശീവേലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.