ചുവന്നമണ്ണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
1337061
Wednesday, September 20, 2023 11:39 PM IST
പട്ടിക്കാട്/പാവറട്ടി: ദേശീയപാതയിൽ ചുവന്നമണ്ണ് സെന്ററിൽ സ്കോർപിയോ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാവറട്ടി മുട്ടത്ത് വീട്ടിൽ സിജോ (52) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചുവന്നമണ്ണ് സെന്ററിൽ യു ടേൺ തിരിയാൻ ശ്രമിക്കുകയായിരുന്ന സിജോയുടെ ബൈക്കിൽ ഇതേ ദിശയിൽ വരികയായിരുന്ന സ്കോർപിയോ കാർ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സിജോയുടെ ദേഹത്തേക്ക് ഡിവൈഡറിൽ ഇടിച്ച കാർ മറിയുകയും ചെയ്തു. ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സിജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ വാട്ടർടാങ്ക് നിർമാണ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആണ്. കാർ ഓടിച്ചിരുന്ന പാലക്കാട് സ്വദേശിയായ നേവി ഓഫീസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കേരള കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം, കേരള കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി, പാവറട്ടി തീർത്തകേന്ദ്രം വടക്കുഭാഗം ആഘോഷ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പീച്ചി പോലീസ് മേൽ നടപടികൾ സ്വീകരികരിച്ചു.
സംസ്കാരം നാളെ രാവിലെ പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ.അമ്മ: സിസിലി.
ഭാര്യ: തിരുവങ്കിടം മുട്ടത്ത് കുടുംബാംഗമായ ടെസി (അധ്യാപിക സാൻജോസ് പബ്ലിക് സ്കൂൾ പാവറട്ടി). മക്കൾ: ഡിയോൺ, ദിയറോസ്.
ചുവന്നമണ്ണ് പാലത്തിന് താഴെയുള്ള ഡിവൈഡറുകൾ ദേശീയപാത നിർമ്മാണത്തെ തുടർന്ന് പൊളിച്ചു മാറ്റിയതാണ് അപകടമുണ്ടാകാൻ വഴിയൊരുക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ഇടതുവശത്തുകൂടി കടന്നുവരുന്ന വാഹനങ്ങൾ പെട്ടെന്ന് ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയും സ്പീഡ് ട്രാക്കിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇവ ശ്രദ്ധയിൽ പെടാതിരിക്കുകയും ചെയ്യുന്നതാണ് അപകടത്തിന് കാരണം. എത്രയും വേഗം പ്രദേശത്തെ ഡിവൈഡറുകൾ പുനസ്ഥാപിക്കണമെന്ന് ചുവന്നമണ്ണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ആവശ്യപ്പെട്ടു.