യുവാവിനെയും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയി ; മോചനദ്രവ്യം ആവശ്യപ്പെട്ട് പണംതട്ടി
1336848
Wednesday, September 20, 2023 1:29 AM IST
വടക്കാഞ്ചേരി: വിദേശത്തേക്ക് മെഡിക്കൽ സംബന്ധമായ ജോലികൾക്ക് ആവശ്യമായ ഒഇടി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തികൊടുക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് പണംതട്ടിയ കേസിലെ എട്ടുപ്രതികൾ പിടിയിൽ. കോട്ടയം വെള്ളൂർ സ്വദേശികളായ പാലക്കത്തടത്തിൽ വീട്ടിൽ മൊബിൻ (33), പണൂർ വീട്ടിൽ സുനിൽകുമാർ (46), പാറാമറ്റം വീട്ടിൽ പി. അജേഷ് (38), വരവുകാലയിൽ വീട്ടിൽ വിനോദ് (41), മുത്തേലിക്കൽ വീട്ടിൽ റെനീഷ് (36) എന്നിവരെ അങ്കമാലിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കൈപറ്റിയ മറ്റു പ്രതികളായ ശ്രീരംഗംവീട്ടിൽ ഗോകുൽ (32), തൃക്കോതമംഗലം സ്വദേശി പ്ലാക്കുകുഴിയിൽ വീട്ടിൽ അമൽ മാത്യു (26), കോട്ടയം വെള്ളൂർ ചിത്രാഭവൻ വീട്ടിൽ അജയകുമാർ എന്ന കണ്ണൻ (33) എന്നിവരെ പാമ്പാടിയിൽനിന്നാണ് അറസ്റ്റു ചെയ്തത്.
പത്താഴക്കുണ്ടിലുള്ള റിസോർട്ടിൽവച്ച് മൂന്നുകോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് തൃശൂരിലെ അറേബ്യൻ ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തിന്റെ ഉടമ ഗണേശ്. ജെ. കുമാറിനെയും ഇയാളുടെ ഡ്രൈവർ ലിബിനെയും തടങ്കലിൽ വയ്ക്കുകയും തുടർന്ന് 25 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. ബാക്കി പണം കൊടുത്തില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെയാണ് ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ നിർദേശത്തെ തുടർന്ന് കുന്നംകുളം എസിപി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികളായ പത്തുപേർ ചേർന്ന് ഇവരെ മൂന്നു വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയി അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്തുള്ള ഹോട്ടലിൽ റൂം എടുത്ത് തടങ്കലിൽ പാർപ്പിച്ചു. ഗണേശിന്റെ വീട്ടുകാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
പ്രതികൾ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ ഗണേശിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ നിർദേശത്തെ തുടർന്ന് കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെ മേൽനോട്ടത്തിൽ വടക്കാഞ്ചേരി സിഐ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിൽ എസ്ഐ ടി.സി. അനുരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ.എസ്. സജീവ്, സിവിൽ പോലീസ് ഓഫീസർമാരായ സിറിൽ, കെ. ഷൈജു, സജിത്ത് മോൻ എന്നിവരടങ്ങന്ന അന്വേഷണ സംഘമാണ് അങ്കമാലി പോലീസിന്റെ സഹായത്തോടെ ഗണേശിനേയും ലിബിനേയും മോചിപ്പിച്ചത്.
കഴിഞ്ഞ 16 നായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട് വലിയൊരുമാഫിയ പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതായും ആയതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.