കൊമ്പ് വാദനത്തിന്റെ വന്പോടെ മച്ചാട്
1336612
Tuesday, September 19, 2023 1:11 AM IST
ജോണി ചിറ്റിലപ്പിള്ളി
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്ത് പനങ്ങാട്ടുകരയിൽ എത്തിയാൽ കാർത്ത്യായനി അമ്പലത്തിലെ ഊട്ടുപുരയിൽനിന്നു കൊമ്പുവാദനത്തിന്റെ ധ്വനികൾ കേൾക്കാം. ഊട്ടുപുരയുടെ ഉള്ളിലേക്കു കടന്നുചെന്നാൽ ഒരു പറ്റം കലാകാരന്മാർ കൊമ്പ് വാദനത്തിൽ സാധകം ചെയ്യുന്നതും കാണാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊമ്പുവാദന കലാകാരന്മാരുള്ളത് പനങ്ങാട്ടുകര ഗ്രാമത്തിലാണ്.
കൊമ്പ് വാദന കുലപതിയായിരുന്ന മച്ചാട് അപ്പുനായർ ചിട്ടപ്പെടുത്തിയ അഭ്യാസക്രമമാണു ശിഷ്യന്മാരും അനുവർത്തിച്ചുവരുന്നത്. പനങ്ങാട്ടുകര ക്ഷേത്രം ഊട്ടുപുരയിൽ ദിവസവും വൈകീട്ട് ആറു മുതൽ രണ്ടു മണിക്കൂറാണു സാധകം. മച്ചാട് മണികണ്ഠന്റെ നേതൃത്വത്തിൽ പതിനഞ്ചോളം കലാകാരന്മാരാണ് ഊട്ടുപുരയിൽ ഒത്തുകൂടുക.
മികച്ച അഭ്യസനവും ശ്വാസനിയന്ത്രണവും ആവശ്യമായ കൊമ്പ് വാദനത്തിൽ നാലുനടകളിൽ സ്വരവിന്യാസം, നില, ഇരട്ടി, അതിനിരട്ടി എന്ന നിലയിലാണ് സാധകം.
മച്ചാട് രാമചന്ദ്രൻ, മച്ചാട് കണ്ണൻ, മച്ചാട് ഹരി, മച്ചാട് പത്മകുമാർ, മച്ചാട് വേണുഗോപാൽ, മച്ചാട് സുരേഷ്, വരവൂർ മണികണ്ഠൻ, മഠത്തിൽ ഹരി, കിനൂർ കിരൺ എന്നീ കലാകാരന്മാരും സാധകം ചെയ്യുന്നവരിലുണ്ട്.
മച്ചാട് തിരുവാണിക്കാവ് ഭഗവതിയുടെ ഇഷ്ടവാദ്യമാണ് കൊമ്പു വാദ്യമെന്നാണു സങ്കല്പം. അതുകൊണ്ടുതന്നെ മച്ചാട് മാമാങ്കത്തിനു മുന്നോടിയായി ക്ഷേത്രത്തിൽ നടക്കുന്ന പറയെടുപ്പിന് കൊമ്പ് വാദ്യമാണ് മുന്നിലുണ്ടാകുക. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി കൊമ്പും കുഴലുമാണു പറയെടുപ്പിനെ അനുഗമിക്കുക. പറപുറപ്പെടുന്നതിന് മുമ്പായി നടപ്പുരയിൽ ഏഴുതവണ കൊമ്പ് വിളിച്ച ശേഷമാണ് പറപുറപ്പാട് ആരംഭിക്കുകയെന്ന് മച്ചാട് രാമചന്ദ്രൻ പറഞ്ഞു.
പ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ പാറമേക്കാവിന്റേയും തിരുവമ്പാടിയുടെയും കൊമ്പ് പ്രമാണിമാരായ മച്ചാട് രാമചന്ദ്രനും മച്ചാട് മണികണ്ഠനും അടക്കമുള്ള പ്രഗത്ഭരായ കലാകാരന്മാർ സാധകക്കളരിയിൽ സജീവമാണ്. ഒരു ഗ്രാമത്തിൽ മുഴങ്ങുന്ന കൊമ്പ് വാദനപ്പെരുമ ഉത്സവ കാലമായാൽ കേരളത്തിൻ മുഴുവൻ നിറഞ്ഞു നില്ക്കും.