വെള്ളാഞ്ചിറയിൽ റെയിൽവേ മേൽപ്പാലം വേണമെന്നാവശ്യം
1336610
Tuesday, September 19, 2023 1:11 AM IST
ചാലക്കുടി: യാത്രക്കാർക്ക് ദുരിതമായി വെള്ളാഞ്ചിറ റെയിൽവെ ഗേറ്റ്. ചാലക്കുടിയിലെ എല്ലാ റെയിൽവെ ഗേറ്റുകൾക്കും മുകളിൽ മേൽപാലം പണിത് ഗതാഗതം സുഗമമായി. എന്നാൽ വെള്ളാംഞ്ചിറ റെയിൽവെ ഗേറ്റിന് മുൻപിൽ വാഹന ങ്ങളുടെ നീണ്ടനിരയാണ്. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് ട്രെയിൻ കടന്നുപോകുന്നതു വരെ ഏറെ നേരം കാത്ത് കിടക്കേണ്ടി വരുന്നു. 15 മിനിറ്റ് കുടുമ്പോൾ ഗേറ്റ് അടയ്ക്കും.
ചില സമയങ്ങളിൽ രണ്ടും മൂന്നും ട്രെയിനുകൾ കടന്നുപോകന്നതുവരെ വാഹനങ്ങൾക്ക് കാത്തുകിടക്കേണ്ടി വരുന്നു. ചാലക്കുടിയിൽ നിന്നും കൊമ്പിടിഞ്ഞാമാക്കൽ, കൊടുങ്ങല്ലൂർ, ആളൂർ, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള നിരവധി സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും സ്കൂൾ ബസുകൾ അടക്കം കടന്നുപോകുന്ന റൂട്ടാണ്.
വെള്ളാഞ്ചിറ റെയിൽവെ ഗേറ്റ് ഒഴിവാക്കാൻ മേൽപാലം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ജനപ്രതിനിധികളോ റെയിൽവേയോ ഇത് കാര്യമായി പരിഗണിക്കുന്നില്ല.
ചാലക്കുടിയിലെ മറ്റ് എല്ലാ റെയിൽവെ ഗേറ്റുകളും ഒഴിവായി മേൽപാലം പണിതു. വെള്ളാഞ്ചിറ മാത്രമാണ് അവശേഷിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തുറന്നു കിടന്നിരുന്ന ഈ റെയിൽവേ ഗേറ്റിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിനെ തുടർന്നാണ് റെയിൽവേ ഗേറ്റ് സ്ഥാപിച്ചത്. ഇപ്പോഴും ഇവിടെ അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
ഇനി ഇവിടെ മേൽപാലത്തിനു വേണ്ടി എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ്.