കാത്തിരിപ്പിന് വിരാമം; കൊരട്ടി പാറക്കൂട്ടം കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു
1336606
Tuesday, September 19, 2023 1:11 AM IST
കൊരട്ടി: കാടുകുറ്റി, കൊരട്ടി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി വിഭാവനം ചെയ്ത പാറക്കൂട്ടം കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്. സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ഇന്നലെ ട്രയൽ റണ്‍ നടത്തി. കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടത്തെ പ്ലാന്റും മുരിങ്ങൂരിൽ സ്ഥാപിച്ച പന്പ് ഹൗസിന്റെയും നിർമാണം പൂർത്തിയായതോടെയാണു ട്രയൽ റണ്‍ നടത്തിയത്.
കേരളത്തിൽ ജൽജീവൻ മിഷൻ പദ്ധതിയിൽ ആദ്യമായി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായ പ്ലാന്റാണിത്. കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ 11,000 വീടുകളിൽ ജലമെത്തും. 11 കോടി ചെലവിൽ നിർമിച്ച യൂണിറ്റിനു പ്രതിദിനം ആറുദശലക്ഷം വെള്ളം ശുദ്ധീകരിക്കാൻ കഴിയും. പുതുതായി നിർമിച്ച 9 ദശലക്ഷം ശേഷിയുള്ള ഒ.എച്ച്. ടാങ്കിനോടൊപ്പം നിലവിലെ 6.65 ദശലക്ഷം ശേഷിയുള്ള ടാങ്കും പദ്ധതിക്കായി ഉപയോഗപ്പെടുത്തും. ചാലക്കുടി പുഴയിൽനിന്ന് പാറക്കൂട്ടം പ്ലാന്റിൽ ജലമെത്തിച്ച് ഏഴ് ഘട്ടങ്ങളിലൂടെ ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാക്കിയാണ് ജലവിതരണം നടത്തുക.
നിലവിൽ മേലൂർ ദേവരാജഗിരിയിലുള്ള പ്ലാന്റിൽനിന്നാണു കൊരട്ടി, മേലൂർ പഞ്ചായത്തുകളിൽ ജലവിതരണം. പുതിയ പ്ലാൻറ് പ്രവർത്തനം ആരംഭിക്കുന്നതോടെ പഴയ പ്ലാൻറിൽ നിന്ന് മേലൂരിൽ മാത്രമായി സ്വതന്ത്ര ജലവിതരണം സാധ്യമാകുമെന്നതിനാൽ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് പുതിയ പ്ലാന്റിന്റെ ഗുണം ലഭിക്കുക.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊരട്ടി, കാടുകുറ്റി നിവാസികളുടെ ചിരകാലാഭിലാഷമാണ് പൂവണിയുക. ഒപ്പം കൊരട്ടി സമ്പൂർണ്ണ കുടിവെള്ള പഞ്ചായത്തായി മാറും. സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നിർമാണം.