ചാലിശേരിയിൽ പൈപ്പുപൊട്ടി വെള്ളം കിണറ്റിലേക്ക്
1336434
Monday, September 18, 2023 1:17 AM IST
കുന്നംകുളം: ചാലിശേരി മുക്കൂട്ട സെന്ററിൽ വെള്ളിയാഴ്ച രാവിലെ വീട്ടുകിണറ്റിലേക്ക് അപ്രതീക്ഷിതമായി വെള്ളം ചീറിയെത്തിയത് പരിഭ്രാന്തി പരത്തി.
നമ്പിശേരി അബൂബക്കറിന്റെ വീട്ടിലാണ് അപൂർവ പ്രതിഭാസം കണ്ടത്. അതിരാവിലെ പള്ളിയിലേക്ക് നമസ്ക്കാരത്തിന് പോകാനിറങ്ങിയ വീട്ടുകാരാണ് കിണറ്റിൽനിന്ന് ശബ്ദംകേട്ടത്. നോക്കിയപ്പോള്‍ കിണറിന്റെ നാലുവശത്തുനിന്നും വെള്ളം കിണറ്റിലേക്ക് പമ്പുചെയ്യുന്നതായി കണ്ടു.
തുടർന്ന് മെമ്പറായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിനെ വിവരമറിയിച്ചു. സമീപവാസികളും ഓടിയെത്തി. തുടർന്ന് വില്ലേജ്, വാട്ടർ അഥോറിറ്റി അധികൃതർ പരിശോധിച്ചു. മുക്കൂട്ട ഭാഗത്തെക്കുള്ള കുടിവെള്ള വിതരണ വാൾവ് അടച്ചതോടെ പമ്പിംഗ് ചെയ്യുന്നതിന്റെ ശക്തികുറഞ്ഞു. മൂന്നുമണിക്കൂറിനു ശേഷമാണ് പൂർണതോതിൽ വെള്ളം ഒഴുകുന്നത് നിലച്ചത്. വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണെന്ന് സ്ഥിതീകരിച്ചങ്കിലും റോഡിൽ എവിടേയും വെള്ളം ഒഴുകിയിരുന്നില്ല.
ശനിയാഴ്ച പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിക്കുമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചതായി വൈസ് പ്രസിഡന്റ് സാഹിറ കാദർ പറഞ്ഞു.
രണ്ടുമാസംമുമ്പ് മുക്കൂട്ടയിൽ മറ്റൊരിടത്ത് പൈപ്പ് പൊട്ടിയിരുന്നു. അപൂർവ പ്രതിഭാസം അറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തി.