മുന്‍ നക്സല്‍ നേതാവ് എം.കെ.നാരായണന് വാഹനാപകടത്തില്‍ മരിച്ചു
1300549
Tuesday, June 6, 2023 1:11 AM IST
തൃശൂർ: മുന്‍ നക്സല്‍ നേതാവ് എം.കെ.നാരായണന്(74) കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുര ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ലോട്ടറി കച്ചവടം നടത്തിയിരുന്ന നാരായണന്റെ ദേഹത്തേക്ക് റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന പിക്കപ്പ് വാന്‍ തനിയെ നീങ്ങി വന്ന് ഇടിക്കുകയായിരുന്നു.
നേരത്തെ സ്ട്രോക്ക് വന്നതിന്റെ അവശതയനുഭവിക്കുന്ന നാരായണന് പിക്കപ്പ് വാന്‍ ഇടിക്കാന്‍ വരുമ്പോള്‍ പെട്ടെന്ന് ഒഴിഞ്ഞുമാറാനായില്ല. പിക്കപ്പിന്റെ ഡ്രൈവര്‍ റോഡരികില്‍ വണ്ടി പാര്‍ക്കു ചെയ്ത് ക്ഷേത്രത്തില്‍ തൊഴാന്‍ പോയപ്പോഴായിരുന്നു അപകടം.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം മണത്തല പരേതരായ കണ്ടപ്പന്റെയും പൊനിയുടേയും മകനാണ് നാരായണൻ. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തില്‍ നക്സലുകള്‍ നടത്തിയ മതിലകം പോലീസ് സ്റ്റേഷന് ആക്രമണത്തിന്റെ കമാന്ററായിരുന്നു നാരായണന്. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. പിന്നീട് കെ.വേണു സെക്രട്ടറിയായ പാര്‍ട്ടിക്കൊപ്പം പാര്‍ട്ടി പിരിച്ചുവിടും വരെ നാരായണന് സജീവമായി രാഷ്ട്രീയരംഗത്തുണ്ടായിരുന്നു.