വരുമാനക്കുതിപ്പില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
1601249
Monday, October 20, 2025 4:35 AM IST
കൊച്ചി: വരുമാനക്കുതിപ്പില്‍ ജില്ലയിലെ വനംവകുപ്പിന്റെ കീഴിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ വരുമാനമാണ് ഓരോ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നും നേടാനായത്. എറണാകുളം ജില്ലയിലെ ഫോറസ്റ്റ് ഡിവിഷന് ഓഫീസുകള്‍ക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലാണ് സമീപകാലത്തായി വരുമാന നേട്ടം ഉണ്ടായിട്ടുള്ളത്.
മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള മുളങ്കുഴി, പാണിയേലി പോര്, ഭൂതത്താന്‍കെട്ട് എന്നിവിടങ്ങളിലും കാലടി പ്രകൃതി പഠനകേന്ദ്രത്തിന് (എന്എസ്സി) കീഴിലെ അഭയാരണ്യം, പാണംകുഴി, മംഗളവനം, സുവര്‍ണോദ്യാനം എന്നിവിടങ്ങളിലും കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഇടുക്കി ജില്ലയിലെ തൊമ്മന്കുത്തിലുമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വരുമാനത്തില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുള്ളത്.
വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സമൂഹമാധ്യമങ്ങളിലടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള മനോഹര ദൃശ്യങ്ങളും ചെറു വീഡിയോകളും സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നതിന് സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതോടെ പ്രദേശങ്ങളിലെ അടിസ്ഥാന വിസകന സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.
ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമധികം വരുമാനം നേടിയത് മലയാറ്റൂര്‍ പാണിയേലി പോരിലാണ്. 1.95 കോടി രൂപയാണ് ഇവിടെ ലഭിച്ചത്. മലയാറ്റൂർ ഭൂതത്താന്കെട്ടാണ് തൊട്ടുപിന്നില്‍ 65.74 ലക്ഷം, എന്എസ്സി കാലടി അഭയാരണ്യം 60.01 ലക്ഷം, മലയാറ്റൂര്‍ മുളങ്കുഴി മഹാഗണി 24.83 ലക്ഷം, എന്എസ്സി കാലടി സുവര്‍ണോദ്യാനം 9.61 ലക്ഷം, എന്എസ്സി കാലടി (എറണാകുളം) മംഗളവനം 7.83 ലക്ഷം, എന്എസ്സി കാലടി പാണംകുഴി 3.88 ലക്ഷം എന്നിങ്ങനെയാണ് വകുപ്പിന് കീഴിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വരുമാനം.