കനത്ത മഴയിൽ മുങ്ങി നഗരവീഥികൾ : ജനം വലഞ്ഞു
1601243
Monday, October 20, 2025 4:35 AM IST
കൊച്ചി: തകര്‍ത്തു പെയ്ത മഴയില്‍ വെള്ളത്തിലായി കൊച്ചി. ഇന്നലെ പുലര്‍ച്ചെ പെയ്ത മഴയിലാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. രണ്ടര മണിക്കൂറിലേറെ തോരാതെ പെയ്ത മഴയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഏറെ ദുരിതമുണ്ടാക്കി.
റെയില്‍വേ സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിനും മെട്രോ സ്റ്റേഷനുമിടയിലുള്ള ഭാഗത്തുമായി രൂപപ്പെട്ട വെള്ളക്കെട്ട് വാഹന, കാല്‍നട യാത്രക്കാര്‍ ഒരുപേലെ പ്രതിസന്ധി തീര്‍ത്തു. കാല്‍നടയായി സ്റ്റേഷനിലേക്കും പുറത്തേക്കും കടക്കാന്‍ കഴിയാത്ത നിലയിലായിരുന്നു വെള്ളക്കെട്ട്. സമീപത്തെ ഡ്രെയ്നേജ് വഴി വെള്ളം ഒഴുകിപ്പോകാതെ വന്നതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഇതോടെ ആളുകള്‍ക്ക് മെട്രോ പില്ലറിന് കീഴിലുള്ള ഉയര്‍ന്ന ഭാഗത്തുകൂടി കയറി താഴേക്ക് ചാടിയിറങ്ങി കടന്നുപോകേണ്ട സ്ഥിതിയായിരുന്നു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ വലിയ ദുരിതത്തിലായി. റെയില്‍വേ സ്റ്റേഷനിലേക്ക് ബാഗുകളടക്കമായി എത്തിയവര്‍ ഏറെ പണിപ്പെട്ടാണ് മറുവശത്തെത്തിയത്. വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ നിന്നുപോകുന്ന സ്ഥിതിയും ഉണ്ടായി.
ഇതിനു പുറമേ നഗരത്തിനുള്ളിലെ ഇടറോഡുകളും എംജി റോഡിലെ ചില ഭാഗങ്ങളും വെള്ളത്തിലായി. മഴ ശമിച്ചതോടെ വെള്ളം ഒഴുകിപ്പോയെങ്കിലും ഇടറോഡുകളിലടക്കം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ അടിഞ്ഞത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് വെള്ളക്കെട്ടിന് ശമനമായത്. അതിനിടെ മഴമുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സൗത്തില്‍ പെയ്തത് 130 മില്ലിമീറ്റര്‍ മഴ
എറണാകുളം സൗത്തില്‍ 130 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ രാവിലെ വരെയുള്ള 12 മണിക്കൂറില്‍ പെയ്തത്. എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് 145 മില്ലീമീറ്ററും ഡിഎച്ച് ഗ്രൗണ്ട് ഭാഗത്ത് 139.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. മട്ടാഞ്ചേരി 117 മില്ലീമീറ്റര്‍, കടവന്ത്ര 103 മില്ലീമീറ്റര്‍, കൊച്ചി നാവിക ആസ്ഥാനം 94.2 മില്ലീമീറ്റര്‍, പിറവം 30 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്.
എറണാകുളം സൗത്ത് മുതല്‍ പനമ്പിള്ളി നഗര്‍ വരെയുള്ള ഭാഗത്താണ് കനത്ത വെള്ളക്കെട്ടുണ്ടായത്. നഗരത്തിലെ മറ്റ് ഭാഗങ്ങളില്‍ കാര്യമായ വെള്ളക്കെട്ട് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടില്ല. ഒരു ചെറിയ സ്ഥലത്ത് കൂടുതലായി മഴ പെയ്തതോ വെള്ളം കായലിലേക്ക് ഒഴുകി പോകുന്നതിന്് തടസമുണ്ടായതോ ആകാം കാരണം.
മുല്ലശേരി കനാലിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാല്‍ അതിന്റേതായ തടസങ്ങളും വെള്ളം ഒഴുകിപ്പോകുന്നതിന് പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്.
മേയര്‍
എം. അനില്‍കുമാര്‍