പുതിയ സിറ്റി പോലീസ് കമ്മീഷണറേറ്റ് : "നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം'
1601246
Monday, October 20, 2025 4:35 AM IST
കൊച്ചി: എറണാകുളം ഹൈക്കടതി ജംഗ്ഷനു സമീപം നിർമിക്കുന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനായി സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുളളത്.
കമ്മീഷണറേറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള ഫണ്ട് 2026- 27 പ്ലാന്‍ പ്രപ്പോസലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സംസ്ഥാന പോലീസ് മേധാവി തലത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അത് സമയബന്ധിതമായി അനുവദിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.
നിലവില്‍ ഷണ്മുഖം റോഡിലെ റവന്യൂ ടവറില്‍ ഭവന നിര്‍മാണ ബോര്‍ഡിന്റെ കെട്ടിടത്തിലാണ് വലിയ തുക വാടക നല്കി കൊച്ചി പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. പരിമിതമായ സൗകര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍, മൂന്ന് ഡിസിപിമാര്‍, വിവിധ സ്പെഷല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളാണ് ഇവിടെയുളളത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴില് കൊണ്ടുവരാനാകും. അതിലുപരി ഇപ്പോൾ നല്‍കിവരുന്ന വന്‍വാടകയും ഒഴിവാക്കാനാകും.
2007ലാണ് കൊച്ചി സിറ്റി പോലീസ് ആസ്ഥാനം പൊളിച്ചത്. ബഹുനിലക്കെട്ടിടം നിര്‍മിക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ടതായിരുന്നു പ്രാരംഭ ഘട്ടത്തിലെ കാലതാമസം. ഇതിനായി നിര്‍ദിഷ്ട പദ്ധതിയില്‍ മാറ്റം വരുത്തി.
പിന്നീട്, പോലീസ് ഓഫീസ് കം കൊമേഴ്സല്‍ സമുച്ചയം എന്ന ആശയത്തിലും എതിരഭിപ്രായം ഉണ്ടായി. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലെ വാണിജ്യസ്ഥാപനങ്ങള്‍ ഒഴിവാക്കി പോലീസ് സമുച്ചയം മാത്രം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2021ലാണ് പുതിയ കെട്ടിടത്തിനായി അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ മേല്‍നോട്ടത്തില്‍ തറക്കല്ലിട്ടത്. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.
ഒരു ലക്ഷം ചതുരശ്രയടിയിൽ 11 നിലക്കെട്ടിടത്തിന്റെ നിര്‍മാണം ഘട്ടങ്ങളായാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ 65 ശതമാനം പൂര്‍ത്തിയായി. ഇതില്‍ 30 കോടി രൂപയുടെ പണി പൂര്‍ത്തിയായതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
11 നിലകളില്‍ നാല് നിലകള്‍ പാര്‍ക്കിംഗിനായും മറ്റു നിലകള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ വരുന്ന ഓഫീസുകള്ക്കായുമാണ് നീക്കിവച്ചിരിക്കുന്നത്.