കേരളത്തിന്റെ ചികിത്സാമികവിന് വരകളിലൂടെ നന്ദി അറിയിച്ച് കെനിയന്‍ ചിത്രകാരി
1592863
Friday, September 19, 2025 4:49 AM IST
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.