വാരപ്പെട്ടി ഐസൊലേഷൻ വാർഡ് ഉടൻ പ്രവർത്തനമാരംഭിക്കും
1592851
Friday, September 19, 2025 4:21 AM IST
കോതമംഗലം: നിയോജക മണ്ഡലം തല ഐസൊലേഷൻ വാർഡ് വാരപ്പെട്ടിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ഐസൊലേഷൻ സെന്ററിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിയമസഭയിൽ മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ ഐസൊലേഷൻ സെന്ററിന്റെ നിർമാണം നിലവിൽ 95 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്.10 കിടക്കകളുള്ള ഐസൊലേഷൻ വാർഡിനു വേണ്ട മെഡിക്കൽ, ഗ്യാസ് സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാവിധ ഉപകരണങ്ങളും ഉൾപ്പെടുന്ന 2400 സ്വയർ ഫീറ്റ് വിസ്തീർണമുള്ള പ്രീ എൻജിനിയറിംഗ് സ്ട്രക്ചറുകളും ഉപയോഗിച്ചുള്ള നിർമാണമാണ് നടന്നുവരുന്നത്.
10 ഐസിയു ബെഡ്, ഡോക്ടർ റൂം -ഒന്ന്, നഴ്സിംഗ് സ്റ്റേഷൻ, പ്രൊസീഡിയർ റൂം, ഏഴ് ടോയ്ലറ്റ്, മെഡിക്കൽ ഗ്യാസ് പ്ലാന്റ് എന്നീ സൗകര്യങ്ങളാണ് ഐസൊലേഷൻ വാർഡിൽ ഒരുക്കിയിരിക്കുന്നത്.
എംഎൽഎ ഫണ്ടും, കിഫ്ബി ഫണ്ടും, തുല്യമായി വിനിയോഗിച്ച് 1,75,96,748 രൂപയാണ് ഐസോലേഷൻ വാർഡ് നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇലക്ട്രിക് കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.