ജപ്തി നടപടിക്കെതിരേ പ്രതിഷേധവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
1592855
Friday, September 19, 2025 4:35 AM IST
മൂവാറ്റുപുഴ: സഹകരണ ബാങ്കിന്റെ ജപ്തി നടപടിക്കെതിരേ പ്രതിഷേധവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്. ഏനാനല്ലൂര്‍ സഹകരണ ബാങ്കിന്റെ ജപ്തി നടപടിക്കെതിരേ ആയവന പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എസ് അജീഷാണ് പ്രതിഷേധമുയർത്തിയത്. ബാങ്ക് അധികൃതർ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ പുന്നമറ്റം സ്വദേശിയായ സലീമിന്റെ വീട്ടില്‍ ഇന്നലെ ജപ്തിക്കെത്തിയപ്പോഴാണ് മുൻ പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്.
2018ല്‍ പരസ്പര ജാമ്യത്തില്‍ സലീമും ഭാര്യയും 20,000 രൂപ വീതം ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. പല പ്രാവശ്യം നേരിട്ടും തപാൽ മുഖേനയും ആവശ്യപ്പെട്ടിട്ടും തിരിച്ചടവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നിയമപ്രകാരം ജപ്തി നടത്താനെത്തിയത്. പണം അടയ്ക്കുന്നതിന് രണ്ട് ദിവസത്തെ സാവകാശം കൂടി വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ഒരാളുടെയെങ്കിലും വായ്പ പൂര്‍ണമായും അടയ്ക്കണമെന്ന നിലപാടിലായിരുന്നു അധികൃതർ.
വായ്പക്കാരുടെ കുടുംബാംഗങ്ങളുടെ വാർദ്ധക്യ സഹജമായ രോഗാവസ്ഥയും കുട്ടികളുടെ വിദ്യാഭ്യാസാവശ്യവുമാണ് വായ്പ തിരിച്ചടവിന് തടസമായതെന്ന് അജീഷ് പറഞ്ഞു. ഏതാനും ദിവസത്തെ സാവകാശം ചോദിച്ചപ്പോൾ പണമടച്ചില്ലെങ്കില്‍ ജപ്തി ചെയ്യും എന്ന അധികൃതരുടെ നിലപാടിനെയാണ് എതിർത്തതെന്നും അജീഷ് അറിയിച്ചു.
തുടർന്ന് 38,000 രൂപ നല്കി ഒരാളുടെ ബാധ്യത അവസാനിപ്പിച്ചതോടെയാണ് അധികൃതര്‍ ജപ്തി നടപടിയില്‍നിന്ന് പിന്മാറിയത്. ഇതര വായ്പ ഏതാനും ദിവസങ്ങൾക്കകം അടച്ചു തീർക്കണമെന്ന നിർദേശവും അധികൃതര്‍ നല്കി. ഏഴു വർഷമായ വായ്പക്ക് സാധാരണ പലിശ മുതലിലും അധികരിച്ച സാഹചര്യത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയാണ് ജപ്തിക്കെത്തിയതെന്ന് അധികൃതർ അറിയിച്ചു.