വ്യാജപ്രചാരണം; കെ.ജെ. ഷൈന്‍ പരാതി നല്കി
1592858
Friday, September 19, 2025 4:35 AM IST
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ.ഷൈന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്കി.
ആന്തരിക ജീര്ണതകള്മൂലം കേരള സമൂഹത്തിനുമുന്നില്‍ തല ഉയര്‍ത്താനാകാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാന്‍ തന്റെ പേരും ചിത്രവും വച്ച് അപമാനിക്കാന്‍ ശ്രമിച്ച സാമൂഹമാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്ന് കെ.ജെ.ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തന്നെക്കുറിച്ചും തന്റെജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നെറികെട്ട, ജീര്‍ണതയുടെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെകൂടി അവകാശമാണെന്ന ബോധ്യം വരുന്നതരത്തില്‍ പൊതുസമൂഹവും ഭരണസംവിധാനവും ഇടപെടുമെന്ന വിശ്വാസം തനിക്കുണ്ടെന്നും കെ.ജെ.ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പിന്നിൽ കോണ്‍ഗ്രസെന്ന് സിപിഎം
കൊച്ചി: കോണ്‍ഗ്രസിന്റെ വികൃതമായ മുഖത്തെ മൂടിവയ്ക്കാന്‍, സിപിഎമ്മിന്റെ ജനകീയ നേതാക്കന്മാരെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിലെ സോഷ്യല്‍ മീഡിയ സംഘം ചെയ്യുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ്.
കേള്‍ക്കുന്നവര്‍ക്ക് ശരിയെന്ന് തോന്നിപ്പിക്കും വിധം സമയവും സ്ഥലവും എല്ലാം പറഞ്ഞ് ഒരു വ്യാജ വീഡിയോ ഇവര്‍ ചെയ്യുന്നു. തുടര്‍ന്ന് പ്രചാരണം നടത്തുന്നു. ഇത്തരം ഹീനമായ പ്രവര്‍ത്തികളിലൂടെ ജനപ്രതിനിധികളെയും മാതൃകാ പ്രവര്‍ത്തനം നടത്തുന്ന വനിതാ നേതാക്കളെയും തകര്‍ക്കാമെന്നും കോണ്‍ഗ്രസിന്റെ ജീര്‍ണത മറച്ചുവയ്ക്കാന്‍ കഴിയുമെന്നും കരുതേണ്ട. ഇത്തരം പ്രവര്‍ത്തികളെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
ശരിയായി പൊതുപ്രവര്‍ത്തന രംഗത്ത് നില്ക്കുന്ന മുഴുവന്‍ വനിതാ പ്രവര്‍ത്തകരെയും സംരക്ഷിക്കുകയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം പുറത്തുവന്നതോടെകൂടി വലിയ രൂപത്തില്‍ കോണ്‍ഗ്രസിന്റെ ജീര്‍ണതയുടെ മുഖം വെളിവാക്കപ്പെട്ടു.
ഇതിനെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരകളെ വ്യക്തിഹത്യ നടത്തിയും വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിട്ടും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം നടത്തുന്ന പ്രചാരണങ്ങള്‍ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് വനിതാ നേതാക്കന്മാരെ പോലും തെറിവിളിക്കാനും ആക്ഷേപിക്കാനും ഇവര്‍ക്ക് മടിയില്ലെന്നും എസ്.സതീഷ് പറഞ്ഞു.