കാപ്പ ചുമത്തി ജയിലിലടച്ചു
1508271
Saturday, January 25, 2025 4:33 AM IST
കോതമംഗലം: കവർച്ചക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെല്ലിക്കുഴി ഇടനാട് അന്പലത്തിനു സമീപം മറ്റത്തിൽ മഹിൻലാൽ (25)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
ആലുവ, കോതമംഗലം, പെരുന്പാവൂർ, പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധികളിൽ സർക്കാർ ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ച് ഡ്യൂട്ടിക്ക് തടസം നിൽക്കുക, മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2023 ജൂലായ് മുതൽ ഒരു വർഷത്തേക്ക് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
തുടർന്ന് കഴിഞ്ഞ നവംബറിൽ വെങ്ങോല പുളിയൻപുള്ളി ജംഗ്ഷന് സമീപം സ്ത്രീയുടെ മൂന്ന് പവന്റെ മാല പിടിച്ച് പറിച്ച കേസിൽ രണ്ടാം പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി.