പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാക്കൾ പിടിയിൽ
1484712
Friday, December 6, 2024 3:32 AM IST
കല്ലൂർക്കാട്: പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. കോടനാട് കൂവപ്പടി മോളത്താൻവീട്ടിൽ ആൽവിൻ (25), എടപ്പള്ളി വരപ്പടവിൽ അജീഷ് (25) എന്നിവരാണ് കല്ലൂർക്കാട് പോലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെ കലൂർ പെരുമാംകണ്ടത്തുള്ള പുത്തൻപുരയ്ക്കൽ ഫ്യൂവൽസിലായിരുന്നു സംഭവം. പ്രവർത്തന സമയം കഴിഞ്ഞ പമ്പിൽനിന്നു പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ പമ്പിലെത്തുകയായിരുന്നു.
ഇടപാടുകൾ അവസാനിപ്പിച്ചതായി പറഞ്ഞതിനെതുടർന്ന് ഓഫീസിൽ അന്നത്തെ പണമിടപാടുകൾ തിട്ടപ്പെടുത്തുകയായിരുന്ന ജീവനക്കാരെ യുവാക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലെ തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണ് ജീവനക്കാരെ അക്രമികളിൽ നിന്നും രക്ഷിച്ചത്. പരിക്കേറ്റ ജീവനക്കാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.