അപകടങ്ങള്‍ തുടര്‍ക്കഥ; എഐ കൊണ്ട് കാര്യമില്ല
1484710
Friday, December 6, 2024 3:32 AM IST
കൊച്ചി: റോഡ് അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് കാമറകള്‍(എഐ) ഉള്‍പ്പെടെ സ്ഥാപിച്ചിട്ടും ജില്ലയില്‍ അപകടങ്ങള്‍ക്ക് കുറവില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ 1,992 അപകടങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. ഇതില്‍ 113 പേര്‍ക്ക് ജിവന് നഷ്ടമായപ്പോള്‍ 2001 പേര്‍ക്ക് ഗുരുതരമയ പരിക്കുകളടക്കം സംഭവിച്ചു.
ജില്ലയില്‍ നടന്ന ഭൂരിഭാഗം അപകടങ്ങളും വൈകിട്ട് ആറിനും പുലര്‍ച്ചെ മൂന്നിനും ഇടയിലാണ്. വേഗക്കാരെ പൂട്ടാനും നിയമലംഘനങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായുമാണ് പ്രധാനമായും എഐ കാമറകള്‍ സ്ഥാപിച്ചത്. 62 ഇടങ്ങളിലാണ് ജില്ലയില്‍ ഇത്തരത്തില്‍ കാമറകളുള്ളത്. എന്നാല്‍ കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച ഇവയെക്കൊണ്ട് അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കാനാകില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കോലഞ്ചേരി പഴന്തോട്ടം കടയിരുപ്പ് റോഡില്‍ പടപ്പറമ്പ് കവലയില്‍ നിയന്ത്രണംവിട്ടു വന്ന കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
2023 ഏപ്രില്‍ 20 മുതലാണ് എഐ കാമറകള്‍ പ്രവര്‍ത്തന സജ്ജമായത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമധികം അപകടങ്ങളും മരങ്ങളും നടന്നത് ഇതിനു ശേഷമാണ്. 2021ല്‍ 2046 അപകടങ്ങളില്‍ 125 പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 2022ല്‍ 2168 അപകടങ്ങളില്‍ 172 പേരാണ് മരണപ്പെട്ടത്. 2023ല്‍ കാമറ സ്ഥാപിച്ച വര്‍ഷം അപകടങ്ങള്‍ 2803 ആയി ഉയര്‍ന്നു. മരണസംഖ്യ 177 ആയി. ഭൂരിഭാഗം അപകടങ്ങളും അമിത വേഗത മൂലമാണ്. ഇതിന് പുറമെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം സംഭവിച്ചതും, അശ്രദ്ധമൂലം സംഭവിച്ചതുമായ അപകടങ്ങളും ഉണ്ട്.
അതേസമയം അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നിരത്തുകളില്‍ വാഹനങ്ങളുടെ മത്സരയോട്ടത്തിന് കുറവില്ല. വാഹനങ്ങളുടെ അമിത വേഗംമൂലം കൊച്ചി നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലുള്‍പ്പെടെ കാല്‍നട യാത്രയും ദുഷ്കരമാവുകയാണ്. സ്കൂള്‍ സമയങ്ങളിലും വാഹനങ്ങളുടെ വേഗപ്പാച്ചിലിന് അയവില്ല.
നിയമം പാലിച്ചില്ലെങ്കില്‍
പണികിട്ടും
നഗര പരിധിയില്‍ ബസുകളും വലിയ വാഹനങ്ങളും ഓവര്‍ട്ടേക്ക് ചെയ്യാന്‍ പാടില്ലെന്നും, ഹോണ്‍ മുഴക്കി ശബ്ദമലിനീകരണം ഉണ്ടാക്കാന്‍ പാടില്ലെന്നുമുള്ള ഉത്തരവ് കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ഉത്തരവ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ സര്‍വീസ് നടത്തുന്ന ബസുകളും, ഓട്ടോറിക്ഷകളും കര്‍ശനമായി പാലിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ അറിയിച്ചു.
ശ്രദ്ധിക്കുക...
സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നഗരത്തിലെ സൈലന്റ് സോണുകളില്‍ ഹോണ്‍ മുഴക്കരുത്, റോഡിന്റെ ഇടതുവശം ചേര്‍ന്ന് മാത്രം വാഹനം ഓടിക്കുക. സ്വകാര്യ ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടത്തുകയോ അപകടകരമായി മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുവാനോ പാടുള്ളതല്ല. നഗരത്തിലെ റോഡുകളില്‍ നിര്‍ദേശിച്ചിരിക്കുന്ന വേഗതയില്‍ കൂടുതല്‍ വാഹനം ഓടിക്കരുത്. വാഹനങ്ങളില്‍ അനാവശ്യമായ അലങ്കാരങ്ങളും, സ്റ്റിക്കറുകളും പതിപ്പിക്കാന്‍ പാടില്ല. ബസുകളുടെ വാതില്‍ തുറന്നിട്ട നിലയില്‍ സര്‍വീസ് നടത്തരുത്.