നഗരവികസനം മൂന്നര വർഷമായിട്ടും സ്തംഭനാവസ്ഥയിലെന്ന്
1484447
Thursday, December 5, 2024 3:27 AM IST
മൂവാറ്റുപുഴ: നഗരവികസന പ്രവര്‍ത്തനം മൂന്നര വർഷമായിട്ടും സ്തംഭനാവസ്ഥയിലെന്ന് മുന്‍ എംഎല്‍എ ബാബു പോള്‍. മൂവാറ്റുപുഴ നഗരവികസനത്തില്‍ മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അനുകൂലമായാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വികസന സ്തംഭനത്തില്‍ നടപടിയെടുക്കാതിരിക്കാന്‍ കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് കാരണം കാണിക്കാന്‍ നോട്ടീസ് അയച്ചത്. നിലവില്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്ന രീതിയിലാണ് നഗര വികസനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും ബാബു പോള്‍ പറഞ്ഞു.
2009ല്‍ സര്‍ക്കാര്‍ അംഗീകരിച്ച അലൈന്മെന്റിനും ഡിപിആറിനും അനുസരിച്ചല്ല ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കച്ചേരിത്താഴം മുതല്‍ വെള്ളൂര്‍ക്കുന്നം വരെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മുന്‍ എംഎല്‍എ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ നീങ്ങിയതോടെയാണ് മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചത്.