ആക്രി ഗോഡൗണിലെ തീപിടിത്തം : ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു
1484190
Wednesday, December 4, 2024 3:56 AM IST
കൊച്ചി: എറണാകുളം സൗത്തില്‍ തീപിടിത്തമുണ്ടായ ആക്രി ഗോഡൗണില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.ജെ. തോംസണ്‍, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഡി.എസ്. ധനുസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച രാവിലെ 10.45ന് ആരംഭിച്ച പരിശോധന 12 വരെ നീണ്ടു. ഫൊറന്‍സിക് സംഘവും ഇന്നലെ പരിശോധന നടത്തി.
സംഭവ സമയത്ത് ഗോഡൗണിനുള്ളിലുണ്ടായിരുന്ന നേപ്പാള്‍ സ്വദേശികളായ എട്ട് തൊഴിലാളികളുടെ മൊഴി വരുംദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. സമീപവാസികളുടെ മൊഴിയും രേഖപ്പെടുത്തും. കെഎസ്ഇബി ഉദ്യോഗസ്ഥരില്‍നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഇതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാകും പോലീസിന് റിപ്പോര്‍ട്ട് നല്‍കുക. ഗോഡൗണില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അനുമതി നല്കി.
തീപിടിത്തത്തില്‍ 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രി ഗോഡൗണ്‍ ഉടമ സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തീപിടിത്തത്തെക്കുറിച്ച് അഗ്നിരക്ഷാസേനയും റിപ്പോര്‍ട്ട് തയാറാക്കും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ സൗത്ത് മേല്‍പ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലായിരുന്നു വന്‍ തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. ഗോഡൗണിന് അകത്തുണ്ടായിരുന്ന നേപ്പാള്‍ സ്വദേശികളായ എട്ടു തൊഴിലാളികളെയും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഗോഡൗണിന് സമീപത്തെ വീട്ടിലേക്കും തീപടര്‍ന്നിരുന്നു.