നഗരവികസനം: കെഎസ്ഇബി കേബിളുകൾ മാറ്റി സ്ഥാപിക്കാൻ സഹകരിക്കണം- കുഴൽനാടൻ
1483932
Tuesday, December 3, 2024 2:49 AM IST
മൂവാറ്റുപുഴ: നഗര റോഡ് വികസനവുമായി ബന്ധപ്പെട്ട കെഎസ്ഇബി ലൈനുകളിൽ പരമാവധി ഡക്ടുകൾ വഴിയാക്കി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പിഒ ജംഗ്ഷൻ മുതൽ അരമനപ്പടി വരെയുള്ള വൈദ്യുത കണക്ഷനുകൾ പുതിയതായി വലിച്ചിരിക്കുന്ന ഏരിയൽ ബഞ്ച്ഡ് കേബിളുകളിലേക്ക് മാറ്റി നൽകുന്നതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
ഡക്ടുകളിലൂടെ കേബിൾ ലൈൻ മാറ്റി സ്ഥാപിക്കുന്നത് വഴി ആർഎംയു യൂണിറ്റിന്റെ സഹായത്തോടെ നഗരത്തിൽ കെഎസ്ഇബിക്ക് എവിടെയെങ്കിലും ജോലികൾ നടത്തേണ്ടതായി വന്നാൽ ആ ഭാഗത്തെ കണക്ഷനുകൾ മാത്രം ഒഴിവാക്കുന്നതിനും മറ്റു സ്ഥലങ്ങളിലേക്ക് തടസമില്ലാതെ വൈദ്യുതി നൽകുന്നതിനും സാധിക്കുന്നതാണെന്നും എംഎൽഎ പറഞ്ഞു.
സർവീസ് വയറുകൾ പോസ്റ്റിൽ നിന്ന് മീറ്ററിലേക്ക് കൊടുക്കുന്ന രീതി മാറ്റി ബിൽഡിംഗുകളിൽ ബസ് ബാർ ബോക്സ് സ്ഥാപിച്ച് അതിൽ നിന്നും സർവീസ് വയറുകൾ നൽകി കണക്ഷനുകൾ പുനഃസ്ഥാപിക്കുന്ന രീതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വ്യാപാര സമൂഹത്തിന്റെ സഹകരണത്തോടുകൂടിയായിരിക്കും സർവീസ് വയറുകൾ ബസ് ബാർ ബോക്സിലേക്ക് പുനഃക്രമീകരിക്കുന്നത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ട് മുകളിൽ കൂടിയുള്ള കെഎസ്ഇബി കേബിൾ ലൈനുകൾ പരമാവധി ഒഴിവാക്കി ഡക്ടുകൾ മുഖേന സ്ഥാപിക്കുന്നത് വഴി കെഎസ്ഇബി പോസ്റ്റുകളിൽ കേബിൾ ലൈനുകൾ കൂട്ടി കുഴഞ്ഞു കിടക്കുന്ന തരത്തിലുള്ള കാഴ്ചകൾ ഒഴിവാക്കാനും കുറയ്ക്കാനും കഴിയുന്നതാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.