പാർക്കിംഗ് ഏരിയയിൽ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു
1483684
Monday, December 2, 2024 3:52 AM IST
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ തീപിടിത്തം. കാറുകളും, ബൈക്കുകളും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ 12.05 ഓടെയാണ് ആപ്പിൾ റസിഡൻസിയുടെ പാർക്കിംഗ് ഏരിയയിൽ തീ പിടിത്തമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു. അങ്കമാലിയിൽനിന്നും അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
തീ പിടിച്ച ഉടനെ 134 മുറികളുള്ള കെട്ടിടത്തിൽ നിന്നു താമസക്കാർ പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ ഒരു യുവതിയെ ഗോവണി വച്ച് അഗ്നിശമനസേന പുറത്തെത്തിച്ചു. തീ പിടുത്തത്തിൽ ഒരു കാർ പൂർണമായും രണ്ടുകാറുകൾ ഭാഗികമായും കത്തിനശിച്ചു. നിരവധി ബൈക്കുകളും അഗ്നിക്കിരയായി.ഹോട്ടലിലെഎസിയുടെയടക്കം ഇലക്ട്രിക് വയറിംഗും കത്തിപ്പോയി.
പാർക്കിംഗ് ഏരിയയിൽ കത്തിനശിച്ച കാറിൽ നിന്നാകാം തീ പടർന്നതെന്ന് കരുതുന്നതായി അഗ്നിശമന സേന അധികൃതർ പറഞ്ഞു.