ആലുവയിലെ പവർ ടൂൾ വില്പന ഷോറൂമിൽ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം
1478147
Monday, November 11, 2024 4:09 AM IST
ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ തോട്ടുമുഖത്ത് പ്രവർത്തിക്കുന്ന പവർ ടൂൾ വില്പന ഷോറൂമിൽ വന്‍ തീപിടിത്തം. നൂറോളം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇന്നലെ അവധി ദിവസമായതിനാൽ സംഭവസമയം നാല് ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആർക്കും പരിക്കില്ല. കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തോട്ടുമുഖം സ്വദേശികളായ സലീമിന്റെയും അസീറിന്റെയും സംയുക്ത സംരംഭമാണിത്. പ്രവർത്തനമാരംഭിച്ചിട്ട് 12 വർഷമായി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് രണ്ടാം നിലയിലേക്കും ആളിപ്പടരുകയായിരുന്നു. ഏറ്റവും താഴത്തെ നിലയിൽ ഓൺലൈൻ വില്പനയ്ക്കായുള്ള പായ്ക്കിംഗ് വിഭാഗത്തിൽ മൂന്നു വനിതകളും ഒരു യുവാവുമാണ് ഈ സമയം ജോലിയിൽ ഉണ്ടായിരുന്നത്.
വനിതാ ജീവനക്കാരി ഒന്നാം നിലയിൽ ചെന്നപ്പോഴാണ് തീയും പുകയും കണ്ടത്. സമീപത്ത് തന്നെ താമസിക്കുന്ന സ്ഥാപന ഉടമ സലീമിനെ ഉടൻ വിവരമറിയിച്ചു. സലീമും ജീവനക്കാരും ചേർന്ന് സ്ഥാപനത്തിലെ അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീയണച്ചെങ്കിലും കാർട്ടൺ ബോക്സുകളിൽ നിന്നു തീ ആളിപ്പടരുകയായിരുന്നു.
വെൽഡിംഗ് മെഷീനുകൾ, ഡ്രില്ലറുകൾ, മോട്ടറുകൾ, സാനിറ്ററി ഐറ്റംസ്, വിവിധ ഇലക്ട്രിക്കൽ സാധനങ്ങളുടെ സ്പെയർ പാർട്സുകൾ തുടങ്ങിയവ മൊത്തമായും ചില്ലറയായും വിൽക്കുന്ന സ്ഥാപനമാണിത്.
ഒന്ന്, രണ്ട് നിലകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ഉടൻ ആലുവയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് അങ്കമാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഏഴ് യൂണിറ്റുകളെത്തി വൈകിട്ട് അഞ്ചോടെയാണ് തീയണച്ചത്.
തീ പടർന്നതിനോടൊപ്പം ഷോറൂമിന്റെ വലിയ വിൻഡോ ഗ്ലാസുകളും പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തെ തുടർന്ന് മണിക്കൂറുകളോളം ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസ് റൂട്ടിലൂടെയാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയത്.