അങ്കമാലി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിവേണം: ബസുടമകള്‍
1461364
Wednesday, October 16, 2024 3:37 AM IST
അങ്കമാലി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാത്തതിനാല്‍ പട്ടണത്തില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സംഘടന ഭാരവാഹികളും വിപുലമായ യോഗം ചേര്‍ന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.
ദേശീയപാതയില്‍ ടൗണിലെ ഏറ്റവും പ്രധാന ബസ് സ്റ്റോപ്പ് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍വശത്താണ് ഏറ്റവും കൂടുതല്‍ അനധികൃത പാര്‍ക്കിംഗ് ഉള്ളത്. ഇവിടെ അനധികൃത പാര്‍ക്കിംഗ് മൂലം ബസുകള്‍ക്ക് റോഡില്‍ തന്നെ നിറുത്തേണ്ട അവസ്ഥയാണ്.
നിരവധി നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലംഘിക്കുന്നവര്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ക്ക് അധികാരികള്‍ തയാറാകാത്തതിനാല്‍ കാറുകളും ഇരുചക്രവാഹനങ്ങളും മാര്‍ഗതടസം ഉണ്ടാക്കുന്ന രീതിയില്‍ റോഡില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നു. അതിനു പുറമേയാണ് ബസ് സ്റ്റോപ്പില്‍ ആഴമുള്ള കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍.
ഫ്രീ ലെഫ്റ്റിനും യൂ ടേണ്‍ എടുക്കുന്നതിനും തടസം വരുത്തിയുള്ള പാര്‍ക്കിംഗ് ആവര്‍ത്തിച്ചാലും അധികാരികള്‍ നടപടി എടുക്കുന്നില്ല. ഗതാഗത മന്ത്രി മാസങ്ങള്‍ക്ക് മുമ്പേ അങ്കമാലി പ്രദേശത്ത് നേരിട്ട് വന്ന് ഗതാഗതക്കുരുക്ക് കണ്ട് ബോധ്യപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും യാതൊരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല.
ഗതാഗതക്കുരുക്ക്മൂലം സ്വകാര്യബസ് മേഖലയുടെ നിലനില്‍പ്പു പോലും പ്രതിസന്ധിയില്‍ ആക്കുന്നു. സമയനിഷ്ഠ പാലിച്ചും ട്രിപ്പ് മുടക്കാതെയും സര്‍വീസ് നടത്താന്‍ കഴിയാത്തതു മൂലം യാത്രക്കാര്‍ ബസുകളെ കൈയൊഴിയുകയാണ്.
കരയാംപറമ്പ് മുതല്‍ ടെല്‍ക്ക് വരെയുള്ള ദേശീയപാതയില്‍ റോഡിന്റെ ഇരുവശങ്ങളിലും നിലവിലുള്ള സ്ഥലം പൂര്‍ണമായും പ്രയോജനപ്പെടുത്തിയുള്ള നവീകരണ പ്രവര്‍ത്തികള്‍ നടത്തി ഗതാഗത പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് അസോസിയേഷന് പ്രസിഡന്റ് ഏ.പി. ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവര്‍ ആവശ്യപ്പെട്ടു.