ചാത്തേടം തുരുത്തിപ്പുറം ജലോത്സവം; താണിയന്‍ കിരീടം
1460885
Monday, October 14, 2024 4:07 AM IST
പറവൂർ: താണിയൻകടവിനെ ഇളക്കിമറിച്ച 'ജലോത്സവം - 2024'ൽ ഹാട്രിക് വിജയവുമായി കിരീടം ചൂടി താണിയൻ. എ ഗ്രേഡ് ഫൈനലിൽ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം വള്ളത്തെയാണ് ക്രിസ്തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ പരാജയപ്പെടുത്തിയത്.
ബി ഗ്രേഡ് ഫൈനലിൽ വടക്കുംപുറം പുനർജനി ബോട്ട് ക്ലബ് തുഴഞ്ഞ വടക്കുംപുറം വള്ളം കൊച്ചിൻ ഈഗിൾ ബോട്ട് ക്ലബ്ബിന്റെ ജിബി തട്ടകനെ തോൽപിച്ചു. ഹീറ്റ്സ് ഉൾപ്പെടെയുള്ള മിക്ക മത്സരങ്ങളും വാശിയേറിയതായിരുന്നു.
ചാത്തേടം ക്രിസ്തുരാജ ബോട്ട് ക്ലബ് ആയിരുന്നു ജലമേളയുടെ സംഘാടകർ. ഇ.ടി. ടൈസൻ എംഎൽഎ ജലോത്സവം ഉദ്ഘാടനം ചെയ്തു. ക്രിസ്തുരാജ ബോട്ട് ക്ലബ് പ്രസിഡന്റ് ജോസി താണിയത്ത് അധ്യക്ഷനായി. താണിയൻ വള്ളത്തിന്റെ അമരക്കാരൻ രാജീവ് രാജു ഫ്ലാഗ്ഓഫ് ചെയ്തു. മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ തുഴ കൈമാറി.
ഈ വർഷം എംബിബിഎസിന് പ്രവേശനം നേടിയ 10 കുട്ടികൾക്ക് 10,000 രൂപ വീതം സ്കോളർഷിപ്പും താണിയൻകടവിലെ വള്ളംകളിയിൽ പങ്കെടുക്കുന്ന 16 ഇരുട്ടുകുത്തി വള്ളങ്ങളിലെ 200 തുഴച്ചിൽക്കാരുടെ മക്കൾക്കു പഠനോപകരണങ്ങളും തുരുത്തിപ്പുറം ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് നൽകി. വിദ്യാഭ്യാസ പുരസ്കാര വിതരണം നടന്നു.
ഫാ. ഫ്രാൻസിസ് താണിയത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ലീന വിശ്വൻ, റോസി ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിത സ്റ്റാലിൻ, ഷെറുബി സെലസ്റ്റീന, വാർഡ് അംഗങ്ങളായ ജാൻസി ഫ്രാൻസിസ്, ഷൈബി തോമസ്, ഫാ.ജോയ് സ്രാമ്പിക്കൽ, രാജു പാലപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ജലമേളയുടെ ജേതാക്കൾക്ക് പുത്തൻവേലിക്കര പൊലീസ് ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൽ ഖാദർ ട്രോഫി നൽകി.