മാമലക്കണ്ടത്ത് വീടിനു നേരെ കാട്ടാന ആക്രമണം
1460722
Saturday, October 12, 2024 4:11 AM IST
കോതമംഗലം: മാമലക്കണ്ടത്ത് വീടിനു നേരെ കാട്ടാനക്കുട്ടത്തിന്റെ ആക്രമണം. വീട്ടുപകരണങ്ങളും, കൃഷികളും ആനക്കൂട്ടം നശിപ്പിച്ചു. കുട്ടന്പുഴ പഞ്ചായത്ത് പത്താം വാർഡ് മാമലക്കണ്ടം ചാമപ്പാറ മാവുംചുവട് ഭാഗത്ത് കോട്ടക്കാത്ത് ഔസേപ്പിന്റെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെയോടെയെത്തിയ കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. വീടിന്റെ പിൻഭാഗത്തെ ജനാലകളും, വാതിലും തകർത്ത കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്ന സാധന സാമഗ്രികളും നശിപ്പിച്ചു.
വീടിനോട് ചേർന്നുള്ള മെഷീൻ പുര തകർത്ത് റന്പർ പാൽ ഉറയൊഴിക്കുവാൻ സൂക്ഷിച്ചിരുന്ന നിരവധി ഡിഷുകളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആക്രമണം നടക്കുന്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. തെങ്ങ്, കമുക് ഉൾപ്പെടെയുള്ള കൃഷികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇവിടെ മൂന്നാം തവണയാണ് കാട്ടാനക്കൂട്ടമെത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.