എറണാകുളം വടുതലയിൽ ദന്പതികളെ തീ കൊളുത്തിയശേഷം അയൽവാസി ജീവനൊടുക്കിയ നിലയിൽ
1577047
Saturday, July 19, 2025 4:00 AM IST
കൊച്ചി: എറണാകുളം വടുതലയില്‍ ദമ്പതികളെ തീ കൊളുത്തിയശേഷം അയല്‍വാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റഫർ (ക്രിസ്റ്റി-54), ഭാര്യ മേരി (50) എന്നിവർക്കാണു പൊള്ളലേറ്റത്. തീ കൊളുത്തിയ ഇവരുടെ അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ (52) യെ പിന്നീട് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വടുതല ഗോള്‍ഡ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.സ്കൂട്ടറിൽ വരികയായിരുന്ന ക്രിസ്റ്റഫറെയും മേരിയെയും തടഞ്ഞുനിര്‍ത്തി വില്യംസ് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ആളുകള്‍ ഓടിയെത്തിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു.
ക്രിസ്റ്റഫറും മേരിയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറുടെ നില ഗുരുതരമാണ്. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയതോടെ വില്യംസ് ഓടി വീടിനകത്തു കയറി.
തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റഫറുമായി വില്യംസ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വില്യംസിനെതിരേ ക്രിസ്റ്റഫറും മേരിയും മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നതാണ്. കിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്യംസ് മാലിന്യവും വിസര്‍ജ്യവും വലിച്ചെറിഞ്ഞിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇതു കണ്ടെത്താന്‍ ക്രിസ്റ്റഫര്‍ വീട്ടില്‍ സിസിടിവി കാമറ സ്ഥാപിച്ചു. ഇതിനെച്ചൊല്ലി വില്യംസ് ഇവരുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പരിസരവാസികള്‍ പറഞ്ഞു. വില്യംസ് അവിവാഹിതനാണ്. എറണാകുളം നോര്‍ത്ത് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.