വാഴക്കുളം ടൗണിലെ ബസ് അപകടങ്ങൾ : ബസ് ജീവനക്കാർക്കെതിരെയുള്ള ആരോപണത്തിൽ പ്രതിഷേധം
1576703
Friday, July 18, 2025 4:42 AM IST
വാഴക്കുളം: ടൗണിലെ ബസ് അപകടങ്ങളുടെ പൂർണമായ ഉത്തരവാദിത്വം ബസ് ജീവനക്കാർക്കാണെന്ന ആരോപണത്തിൽ ബസ് തൊഴിലാളികൾ പ്രതിഷേധിച്ചു. വഴിയുടെ വീതിക്കുറവും ഇരുവശത്തുമുള്ള വാഹന പാർക്കിംഗും ടൗണിലുണ്ടാകുന്ന അപകടങ്ങൾക്ക് വഴിതെളിക്കുന്നതായാണ് തൊടുപുഴ - മൂവാറ്റുപുഴ മേഖലയിലെ സംയുക്ത ബസ് തൊഴിലാളി പ്രവർത്തകർ പറയുന്നത്.
വാഴക്കുളം ടൗണിലുള്ള ബസ് സ്റ്റാന്‍ഡിലെ ഇരുവശത്തേക്കുമുള്ള ഗതാഗതവും അപകടങ്ങൾക്ക് തുല്യപങ്കുവഹിക്കുന്നതായും ഇവർ ആരോപിക്കുന്നു. മൂവാറ്റുപുഴ ടൗണിലെ റോഡ് പുനർനിർമാണവും തുടർന്നുള്ള ഗതാഗതക്കുരുക്കും മൂലം ബസുകൾക്ക് സമയബന്ധിതമായി ഓട്ടം പൂർത്തിയാക്കാൻ കഴിയുന്നില്ല.
മൂവാറ്റുപുഴ ടൗണിലെ സമയനഷ്ടം പരിഹരിക്കാൻ മറ്റു സ്ഥലങ്ങളിൽ വേഗത വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും തൊഴിലാളികൾ പറയുന്നു. വാഴക്കുളം ടൗണിൽ ഇരുവശത്തും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടേയും അതിനൊപ്പം സഞ്ചരിക്കുന്ന ഇതര വാഹനങ്ങളുടേയും സമീപത്തുകൂടിയാണ് ബസുകൾ ടൗണ്‍ പ്രവേശനം നടത്തുന്നത്. ഇത് അപ്രതീക്ഷിതമായ അപകട സാധ്യതക്കിടയാക്കും.
ടൗണ്‍ മധ്യത്തിലുള്ള സ്റ്റാന്‍ഡിലേക്ക് വീതി കുറഞ്ഞ പ്രവേശന കവാടത്തിലൂടെ കടക്കുന്പോൾ സ്റ്റാന്‍ഡിൽനിന്ന് എതിർദിശയിൽ മറ്റൊരു വാഹനം എത്തിയാൽ സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കുണ്ടാകും. ഇതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ടൗണിൽ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടതിനെതുടർന്ന് ടൗണിലെ പരമാവധി വേഗത 30 കിലോമീറ്ററായി നിജപ്പെടുത്തണമെന്ന് മർച്ചന്റ്സ് അസോസിയേഷനും ഇതര സംഘടനകളും ബസ് തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നു.
ബസ് ഡ്രൈവർമാർക്ക് ബോധവത്കരണം നൽകി
വാഴക്കുളം: ടൗണിലും പരിസരപ്രദേശങ്ങളിലും വർധിച്ചുവരുന്ന ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണം നൽകി. ബസിന്റെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ബോധവത്കരണം നടത്തിയത്. ബസ് ഡ്രൈവർമാർക്ക് ഇത് സംബന്ധിച്ച് നോട്ടീസുകൾ വിതരണം ചെയ്തു.
ബോധവത്കരണ പരിപാടികൾക്ക് യൂത്ത് ഫ്രണ്ട് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് അനിൽ ലൂക്ക് സൈമണ്‍, സെക്രട്ടറി ശ്യാം ജിജി, ജസ്റ്റിൻ ജോർജ്, ജെറിൻ ജിയോ, അനന്ദു ചന്ദ്രൻ, ക്രിസ്റ്റി, മെൽവിൻ ജോളി, ജോസ്, ഡിജോ എന്നിവർ നേതൃത്വം നൽകി.